അമ്മമ്മാർക്കൊപ്പം നെസ്റ്റിലെ കുട്ടികളും കൂടി, നാരങ്ങ കഴുകാനും, ക്യാരറ്റ് മുറിക്കാനും; ഓണവർണ്ണങ്ങൾക്കൊപ്പം പൊൻ പ്രതീക്ഷകളും നൽകി രണ്ടു നാൾ നീളുന്ന ആഘോഷങ്ങളുമായി കൊയിലാണ്ടി നെസ്റ്റ്; ഒപ്പം പുതിയ തൊഴിലാവസരങ്ങൾക്കും ആരംഭം
കൊയിലാണ്ടി: ആഘോഷമായി കൊയിലാണ്ടി നെസ്റ്റിലെ സ്പെഷ്യൽ ഓണം. രണ്ടു ദിവസങ്ങളായി നീണ്ട കലാപരിപാടികളുടെ അകമ്പടിയോടെയാണ് ഇത്തവണ കതിർ 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. മുതിർന്ന കുട്ടികളുടെ ഉന്നമനത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയും പുതിയ തൊഴിലാവസരങ്ങൾക്ക് നെസ്റ്റ് തുടക്കം കുറിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉയർച്ചയ്ക്ക് വേണ്ടിയും അവരെ സമൂഹത്തിന്റെ മുഖ്യധാരായിലേയ്ക് കൊണ്ടുവരുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയും നെസ്റ്റ് പാലിയേറ്റീവ് കെയർ നിയാർക്ക് പ്രവർത്തിക്കുന്നത്. രക്ഷിതാക്കളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് നെസ്റ്റ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.
നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവാഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.സുധ ഉത്ഘാടനം നിർവഹിച്ചു. നെസ്റ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ നിമ്യാ വി.പി തൊഴിലാവസരം പരിചയപ്പെടുത്തൽ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ സാലി ബാത്ത, ബഷീർ ടി.പി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സതീശൻ കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വീഡിയോ കാണാം: