മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി മരവിപ്പിച്ചു


കൊച്ചി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം വിലക്കിയകേന്ദ്രസര്‍ക്കാറിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് ദിവസത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി.

ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് ആസ്ഥാനമായ മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ചാനല്‍ സംപ്രേഷണം തടഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചിരുന്നു.

വിലക്കിയ വിവരം മീഡിയ വണ്‍ ചാനല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകെന്നും മീഡിയ വണ്‍ അറിയിച്ചിരുന്നു. നേരത്തെയും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരുന്നു.

മീഡിയവണിന്റെ വാര്‍ത്ത കുറിപ്പ്:

പ്രിയപ്പെട്ട പ്രേക്ഷകരേ…

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാര്‍ത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണ നടപടികള്‍ക്ക് ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു.

പ്രമോദ് രാമന്‍

എഡിറ്റര്‍, മീഡിയവണ്‍

വീഡിയോ: