വണ്ടുകളും വില്ലന്മാരോ? ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാവാൻ കാരണങ്ങൾ നിരവധി; തീ പിടുത്തം തടയാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദമാക്കി എം.വി.ഡി


കോഴിക്കോട്: കേരളത്തില്‍ വാഹനങ്ങളില്ലാത്ത വീടുകള്‍ ഇപ്പോള്‍ ചുരുക്കമാണ്. ടു വീലറെങ്കിലും മിക്ക വീടുകളിലുമുണ്ട്. എന്നാല്‍ വേനല്‍ കടുത്തതോടെ വാഹനങ്ങളിലെ അഗ്‌നിബാധ വര്‍ധിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് പലയിടത്തായി വാഹനങ്ങള്‍ക്ക് യാത്രക്കിടെ തീപിടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ കോടഞ്ചേരിയിലും സമാന സംഭവമുണ്ടായി. വൈക്കോലുമായി പോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു.

വാഹനത്തിലെ തീ പിടുത്തത്തിന് കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ പൊതുജനങ്ങള്‍ക്കില്ല. ഇന്ധന ചോര്‍ച്ച, ഗ്യാസ് ചോര്‍ച്ച, മോഡിഫിക്കേഷന്‍, ഫ്യൂസുകള്‍, ബാറ്ററി മാറ്റം, ബാറ്ററി ചാര്‍ജറുകള്‍, കൂളിംഗ് സിസ്റ്റം തകരാര്‍, അപകടങ്ങള്‍ എന്നീ കാരണങ്ങളാലാണ് പ്രധാനമായും തീപിടുത്തമുണ്ടാകാറുള്ളത്. എന്തിനധികം ഇത്തിരിപോന്ന വണ്ടും എലിയും വരെ ഇതിനു കാരണക്കാരാവാമത്രേ. ഈ സാഹചര്യത്തില്‍, വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട കാര്യങ്ങൾ 🔥🔥

🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു – വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം..
പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം….

അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.

1.ഫ്യൂവൽ ലീക്കേജ്

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.
ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.
ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻറെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ self ignition temperature( spark ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ ) ഡീസലിന്റെ 210°C ഉം എന്നാലും പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് vaporize ചെയ്യുന്നതിനാൽ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും exhaust സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് .

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെന്റിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയിൽ പെടാതിരിക്കാനും കാരണമാകും.

2.ഗ്യാസ് ലീക്കേജ്

LPG മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടർന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽപിജി കൺവേർഷൻ കിറ്റിലെ solenoid valve, regulator/vaporizer, filter, gas tube, tank തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും ഗ്യാസ് ടാങങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ളത് എന്നാൽ എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല .

3. അൾട്ടറേഷനുകൾ

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 – 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവർ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , Short-circuit ആയാൽ മാത്രമെ fuse ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റിൽ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ wiring കളാണ് ഉപയോഗിക്കാറ് എന്നതും വയർ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും.
വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ wiring harness കളും , coupling ന് പകരം വയർ പിരിച്ച് ചേർത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്.

4 ഫ്യൂസുകൾ

വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

5. ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം.

ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളിൽ ചിലതെങ്കിലും പ്രാരംഭ ഡിസൈൻ ഘട്ടങ്ങളിൽ തീപിടിത്ത സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട് Tesla , Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

6. കാറ്റലിറ്റിക് കൺവർട്ടറുകളും Exhaust സിസ്റ്റവും 

സാധാരണയായി catolitic converter ന്റെ താപനില 600 °C മുതൽ 750 °C വരെയാണ് എന്നാൽ clogging മൂലമൊ സ്പാർക്ക് പ്ലഗിന്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോൾഡിനെ സ്പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ് –

7. കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും , ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും എൻജിന്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

8. കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും 

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 44 പേർ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത് ഇത്തരത്തിൽ ഒന്നാണ് . അപകടത്തിൽ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്.

9. പാർക്കിംഗ് സ്ഥലവും പരിസരങ്ങളും

ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019 ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.

10. തീപ്പെട്ടി / ലൈറ്റർ/സ്‌റ്റൗ എന്നിവയുടെ ഉപയോഗം 

തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എൻജിൻ കംപാർട്ട്മെന്റൊ ഫ്യുവൽ ടാങ്കൊ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും തീപിടിത്തത്തിന്റെ കാരണങ്ങളിൽ പെടുന്നു.

11. ആംബുലൻസുകൾ

ആംബുലൻസിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ആണ് ഇതിലെ പ്രധാന വില്ലൻ. ഓക്സിജൻ കത്താൻ ആവശ്യമായ വാതകമാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് സ്ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്സിജനാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക . എന്നാൽ അതി മർദ്ദത്തിലുള്ള ഓക്സിജൻ ടാങ്കിൽ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാർക്കിനെ വരെ വലിയ അഗ്നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്സിജൻ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മർദ്ദത്തിലുള്ള ഓക്സിജൻ ഓയിൽ,ഗ്രീസ്, റബ്ബർ എന്നിവയുമായി പ്രതിപ്രവർത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സിലിണ്ടറുകൾ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും താൽക്കാലികമായി സിലിണ്ടർ വാഹനത്തിൽ എടുത്ത് വച്ച് പോകുന്നവരും ഉണ്ട് ഇത്തരം സാഹചര്യത്തിൽ വാഹനം ഇടിച്ചാലൊ വാഹനം ചെറുതായി ചെരിഞ്ഞാൽ പോലുമോ സിലിണ്ടർ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകൾകൾക്ക് തകരാർ സംഭവിച്ച് ഓക്സിജൻ ലീക്ക് സംഭവിക്കുയും അത് അഗ്നിബാധയിലേക്ക് നയിക്കുകയും ചെയ്യാം.

📛പരിഹാര മാർഗ്ഗങ്ങൾ

• കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക –
• വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുകതന്നെ വേണം.
• ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
• പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
• വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
• കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
• വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
• വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.

• വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.
• ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
• സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്.

സർവ്വോപരി ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ സ്വായത്തമാക്കുക എന്നതും പ്രധാനമാണ്

🚒തീപിടിച്ചാൽ എന്തു ചെയ്യണം ?

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക, DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക.
വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക…

✍️ Dilip Kumar KG
Motor vehicles Inspector
SRTO Kondotty