ഇത്തവണത്തെ ഓണത്തിന് ‘മലയാളി’ പൂക്കളും; കൊയിലാണ്ടിയിലെ പൂവിപണികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ഇപ്പോള്‍ വര്‍ണ്ണങ്ങളാണ്, അതി സുന്ദരമായ പൂക്കളുടെ വര്‍ണ്ണം. അത്തം പിറന്നപ്പോഴെക്കും സജീവമായി കൊയിലാണ്ടിയുടെ പൂവിപണി.
കൊയിലാണ്ടിയില്‍ മാത്രം വിവിധ ഇടങ്ങളില്‍ പൂക്കച്ചവടം ആരംഭിച്ചു കഴിഞ്ഞു. മാത്രവുമല്ല, പൂവാങ്ങുന്ന ആളുകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല.
അത്തത്തിന് തൃക്കാക്കരപ്പന് തുമ്പകൊണ്ട് മൂടിയ കാലം ഒക്കെ പഴം കഥയായി തുടങ്ങി. അവസാന നാളുകളില്‍ മാത്രം കടകളില്‍ നിന്നും വാങ്ങിയിരുന്ന പൂവുകള്‍ ആദ്യ ദിവസം മുതലെ വീടുകളില്‍ എത്തി കഴിഞ്ഞു.
ഇത്തവണത്തെ ഓണത്തിന് നമ്മുടെ നാട്ടില്‍ വിരിഞ്ഞ പൂക്കളും ഉണ്ട് വില്‍പ്പനക്ക്. വടകരക്ക് അടുത്ത് ഇരിങ്ങലില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളേബ്രിക്സ് ഫാക്റ്ററിയിലെ തെഴിലാളികള്‍ 40 സെന്റില്‍ ചെണ്ടുമല്ലി പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും മാത്രം കൊണ്ടുവന്ന പൂവുകള്‍ കൊണ്ട് അത്തപൂക്കളം ഒരുക്കിയിരുന്ന നമ്മള് കേരളീയര്‍ സ്വന്തം കൃഷിയില്‍ ഉല്പാദിപ്പിച്ച പൂക്കളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
കോവിഡിന്റെ മുറുക്കത്തില്‍ നിന്നും പുറത്തിറങ്ങിയ ജനം ഇത്തവണത്തെ ഓണം ഗംഭീരം ആക്കാന്‍ ഉള്ള വെപ്രളത്തിലാണ്. സ്കൂളുകളും കോളേജുകളും ഒരുക്കം തുടങ്ങികഴിഞ്ഞു. അതുകൊണ്ടു തന്നെ പൂവിപണി സമ്പന്നമാണ്. എന്നാല്‍ ഇടക്കിടെ എത്തുന്ന മഴ പൂക്കച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
summary: Flower shops in Koilandi are all set to welcome Onam