കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങൾ; കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി


കൊയിലാണ്ടി: കാവുംവട്ടത്തെ ഓട്ടോറിക്ഷകളിൽ ഇന്ന് സഞ്ചരിച്ചവരെല്ലാം കാരുണ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ലുക്കീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലുവയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായാണ് ഇന്ന് കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഓടിയത്. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ഓട്ടോറിക്ഷകൾ കുഞ്ഞു ധാർമ്മികിനായി ഓടിയത്.

ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഓരോ ദിവസവും നടത്തുന്നത്. തേങ്ങ വിറ്റും പച്ചക്കറി വിറ്റും കുറി നടത്തിയുമെല്ലാം വിവിധ സംഘടനകൾ പണം നൽകിയിട്ടുണ്ട്. തങ്ങളുടെ കുഞ്ഞ് ആവശ്യങ്ങൾക്കായി കരുതി വച്ച തുക നൽകി കുരുന്നുകൾ പോലും ധാർമ്മികിനായി കൈകോർത്തിരുന്നു.

കാവുംവട്ടത്തെ പി.എം.ബാബുവിന്റെയും രൂപയുടെയും മകനാണ് ധാർമ്മിക്. നാലുവയസ് മാത്രമുള്ള ധാർമ്മിക് കഴിഞ്ഞ രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം ഭേദപ്പെട്ടു എന്നും നഴ്സറിയിൽ പ്പോവാമെന്നുമെല്ലാം ഡോക്ടർമാർ പറഞ്ഞ ശേഷം പെട്ടെന്നൊരു ദിവസം പനി വരികയും പരിശോധനയെ തുടർന്ന് വീണ്ടും ലുക്കീമിയ തന്നെയാണെന്ന് വ്യക്തമാവുകയുമായിരുന്നു.

രോഗം വീണ്ടും വന്ന സാഹചര്യത്തിൽ വിദഗ്ധ ചികിത്സയും മജ്ജ മാറ്റിവെയ്ക്കൽ ഉൾപ്പെടെ ചെയ്താലല്ലാതെ ജീവൻ രക്ഷിക്കാനാവില്ല എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ഇതിനായി ഏകദേശം 60 ലക്ഷത്തിന് മുകളിലുള്ള ഭീമമായ തുക സാമ്പത്തിക ബാധ്യത വരും. ഇത്രയും ഭീമമായ തുക നിർധനായ ബാബുവിനോ കുടുംബത്തിനോ താങ്ങാൻ കഴിയില്ല.

തുടർന്നാണ് ധാർമ്മികിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചത്. കെ.മുരളീധരൻ എം.പി, ടി.പി.രാമകൃഷ്ണൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കമ്മറ്റിക്കുവേണ്ടി യൂണിയൻ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ സേവിംഗ്സ് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാലരവയസുകാരൻ ധാർമ്മികിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം.

ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം അയക്കാൻ താൽപ്പര്യപ്പെടുന്നവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ:

ധാർമ്മിക് ചികിത്സാ സഹായ കമ്മിറ്റി, നടേരി

യൂണിയൻ ബാങ്ക്, കൊയിലാണ്ടി ശാഖ.

അക്കൗണ്ട് നമ്പർ: 6111 0201 0010 923

ഐ.എഫ്.എസ്.സി: UBIN0561118