”മാവൊഴിച്ചുകൊടുത്ത് ബട്ടന്‍ അമര്‍ത്തിയാല്‍ മതി ആവി പറക്കുന്ന ദോശ പ്രിന്റ് ചെയ്തുവരും” ഇന്റര്‍നെറ്റില്‍ താരമായി ദോശപ്രിന്റര്‍; പക്ഷേ ഭക്ഷണപ്രേമികളില്‍ ചിലര്‍ ആശങ്കയിലാണ്-വീഡിയോ
”മാവൊഴിച്ചുകൊടുത്ത് ബട്ടന്‍ അമര്‍ത്തിയാല്‍ ചൂടപ്പം പോലെ ദോശ പ്രിന്റ് ചെയ്യുന്ന ഉപകരണം” ഇന്റര്‍നെറ്റില്‍ താരമായി ദോശപ്രിന്റര്‍; പക്ഷേ ഭക്ഷണപ്രേമികളില്‍ ചിലര്‍ ആശങ്കയിലാണ്-വീഡിയോ
സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് ദോശ പ്രിന്റര്‍. ദോശ ചുടല്‍ ഇനി എളുപ്പമാക്കുന്ന ഒരു പ്രിന്ററാണിത്. ദോശയുടെ എണ്ണവും കനവും എത്രത്തോളം മൊരിയണമെന്നതുമെല്ലാം ഉപഭോക്താവിന് തീരുമാനിക്കാം. അതിനൊപ്പം ഉള്ള ടാങ്കില്‍ 700 എംഎല്‍ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് (Evochef) കമ്പനി പുറത്തിറക്കിയ ദോശ പ്രിന്ററിന് ഇതിനകം അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ഇസി ഫ്ളിപ്എന്ന പേരിലാണ് ഇവോഷെഫിന്റെ ദോശ മെഷീന്‍ പുറത്തിറക്കിയിരിക്കുന്നത്. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, വേണ്ട കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പേപ്പര്‍ പുറത്തുവരുന്നതു പോലെ മെഷീന്‍ ദോശകള്‍ പുറത്തെത്തിക്കും. ദോശയില്‍ നെയ്യോ വെണ്ണയോ ഒക്കെ ചേര്‍ക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഇതിലുണ്ട്. ഈ വിഡിയോ പുറത്തുവന്നശേഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളാവാം ദോശപ്രിന്റര്‍ എന്ന പേരിട്ടത്.
ദോശ പ്രിന്ററിനെക്കുറിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി നിരവധി പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ദോശയുണ്ടാക്കുന്നത് ലളിതവും രസകരവുമാകും ഇതിലൂടെ എന്നാണ് ഈ ഉപകരണത്തെ അഭിനന്ദിക്കുന്നവര്‍ പറയുന്നത്.
അത് വൃത്തിയാക്കുന്നത് വിഷമം പിടിച്ച പണിയായിരിക്കുമെന്നതാണ് ചിലരുടെ ആശങ്ക. ‘ഇതു വാങ്ങി വെറുതെ പണം കളയാമെന്നേ ഉള്ളു’, ‘ചട്നിയും സാമ്പാറും നിങ്ങള്‍ തന്നെ ഉണ്ടാക്കണം. മാവ് അരയ്ക്കുകയും വേണം. പിന്നെ എന്താണ് ഈ പ്രിന്റര്‍ ചെയ്യുന്നത്?’ ‘ഒരു ഉപകാരവുമില്ലാത്ത ഉപകരണമാണിത്. ദോശ ചുടുക എന്നു പറയുന്നത് വലിയൊരു പണിയൊന്നുമല്ല. മാവ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. ചില ചപ്പാത്തി മേക്കറുകള്‍ മാവു കുഴയ്ക്കുന്നു. അതുപോലെ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു’ എന്നിങ്ങനെ പോകുന്ന മറ്റ് അഭിപ്രായ പ്രകടനങ്ങള്‍.
അതേസമയം ഇതിന്റെ വിലയെക്കുറിച്ച് പരാതി പങ്കുവെക്കുന്നുവരുമുണ്ട്. ‘നൂതനത്വം തോന്നുന്ന പ്രോഡക്ടാണിത്. ഫുഡ് കോര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊള്ളാമെന്നു തോന്നുന്നു. പക്ഷേ, 15,999 രൂപ എംആര്‍പിയോ? 2,000-3,000 രൂപ ഒക്കെ ആയിരുന്നെങ്കില്‍ ഒരെണ്ണം വാങ്ങി പരീക്ഷിക്കാമായിരുന്നു’ എന്നാണ് വേറൊരാള്‍ പ്രതികരിച്ചത്.
Summary: an automatic dosa ‘printing’ kitchen appliance
Dosa printer 😳 pic.twitter.com/UYKRiYj7RK
— Samantha /சமந்தா (@NaanSamantha) August 23, 2022