കൊലപാതകമടക്കമുള്ള കേസുകളില്‍ പ്രതികളായവര്‍ ഒളിച്ചുതാമസിക്കുന്ന സ്ഥിതി; കോഴിക്കോട് ജില്ലയിലെ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളുടെയും വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനം
കോഴിക്കോട്: ജില്ലയിലെ പണിയെടുത്ത് താമസിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനം. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് വിവരശേഖരണം നടത്തുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന നിരവധി ഏജന്റുമാര്‍ ഇവിടെയുണ്ട്. ഇവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് അന്വേഷണം വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പല തൊഴിലാളികളും ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയാണ്. കൂടുതല്‍ പേരും ഹോട്ടല്‍ വ്യവസായത്തിലാണ് ഉള്ളത്.
ഒരു ഹോട്ടലില്‍ 30 തുടങ്ങി 40 തൊഴിലാളികള്‍ വരെ പണിയെടുക്കുന്നുണ്ട്. യാതൊരു രേഖകളും ഇല്ലാതെയാണ് പല ഹോട്ടല്‍ ഉടമകളും ഇവരെ ജോലിക്ക് നിര്‍ത്തിയത്. മിക്ക ഇതരസംസ്ഥാന തൊഴിലാളികളും യാെതാരു രേഖകളം ഇല്ലാതയാണ് ഇവിടെ താമസിക്കുന്നത്.
കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് തീരുമാനം. അടുത്തിടെ കോഴിക്കോട് ജില്ലയില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിരുന്നു. ഹരിയാനയില്‍ കൊലപാതകക്കേസില്‍ പ്രതിയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കഴിഞ്ഞദിവസം മേപ്പയ്യൂരില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. കൊഴുക്കല്ലൂര്‍ തിരുമംഗലത്ത് താഴെ താമസിച്ചു വന്നിരുന്ന അന്‍സാരിയെയാണ് ഹരിയാന പൊലീസെത്തി അറസ്റ്റു ചെയ്തത്.
പശ്ചിമ ബംഗാളില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തി കോഴിക്കോട് മീഞ്ചന്തയില്‍ കൊടുംകുറ്റവാളി ഒളിവില്‍ കഴിഞ്ഞ സംഭവവുമുണ്ടായിരുന്നു. ബംഗാളില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കികൊടുത്തിരുന്നത്.
മോഷണക്കേസില്‍ പൊലീസിനെ വെട്ടിച്ചുകളഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ഒളിവില്‍ കഴിഞ്ഞിരുന്നത് തോടന്നൂരിലായിരുന്നു. തോടന്നൂര്‍ പാനിപൂരി വില്‍പ്പനക്കാരനായിരുന്ന ഇയാളെ ഹരിയാന പൊലീസ് എത്തി അറസ്റ്റു ചെയ്തത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്. ഇതുപോലെ നിരവധി ക്രിമിനലുകള്‍ ജില്ലയില്‍ താമസിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നത്.
summary: The situation where the accused in cases like murder are hiding at kozhikode