റോഡിലാകെ കക്കൂസ് മാലിന്യം പരന്നൊഴുകുന്നു, പ്രദേശത്താകെ ദുര്‍ഗന്ധം; വാഗാഡ് കമ്പനി കാരണം പൊറുതി മുട്ടി നന്തി ശ്രീശൈലം നിവാസികള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ കരാറെടുത്ത വാഗാഡ് കമ്പനി കാരണം ജീവിതം ദുസ്സഹമായി നന്തി ശ്രീശൈലം കുന്നിലെ ജനങ്ങള്‍. ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നിന്നുള്ള കക്കൂസ് മാലിന്യം നന്തി ശ്രീശൈലം റോഡില്‍ സായി ട്രസ്റ്റിനും കെല്‍ട്രോണിനും ഇടയിലുള്ള ഭാഗത്ത് പരന്നൊഴുകിയതോടെ ഇതുവഴിയുള്ള സഞ്ചാരം തടസപ്പെട്ടു. പ്രദേശത്തെ കിണറുകളിലേക്ക് കക്കൂസ് മാലിന്യം ഒഴുകി ജനങ്ങളുടെ കുടിവെള്ളവും മുട്ടുന്ന അവസ്ഥയാണ് ഇപ്പോള്‍.
ശ്രീശൈലം കുന്നിലെ സ്വകാര്യ കമ്പനിയുടെ സ്ഥലത്താണ് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ്. ഇവിടെ പഞ്ചായത്തിന്റെ നിയമങ്ങള്‍ പാലിച്ച് ശാസ്ത്രീയമായ രീതിയിലല്ല സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കുഴി കുഴിച്ച് അതിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. ഈ കുഴി നിറഞ്ഞൊഴുകിയതോടെയാണ് ഇപ്പോള്‍ ജനജീവിതം ദുസ്സഹമായത്.
റോഡില്‍ പരന്നൊഴുകിയ കക്കൂസ് മാലിന്യം പ്രദേശത്തെ കൂടുതല്‍ കിണറുകളെ മലിനമാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. നേരത്തേ ്ഇതേ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഇടപെടുകയും താല്‍ക്കാലികമായി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു.
സ്വകാര്യ കമ്പനി വാഗാഡിന് വാടകയ്ക്ക് നല്കിയ സ്ഥലത്താണ് ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നാനൂറോളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ആവശ്യമായ യാതൊരു സൗകര്യവുമില്ലാതെയാണ് ഇവിടെ ക്യാമ്പ് നിര്‍മ്മിച്ചത്.
തുടക്കത്തില്‍ ഇവിടെ ക്യാമ്പ് ഇല്ലായിരുന്നു. തൊഴിലാളികള്‍ പരസ്യമായാണ് മലമൂത്രവിസര്‍ജനം നടത്തിയിരുന്നത്. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് ലേബര്‍ ക്യാമ്പ് നിര്‍മ്മിച്ചത്. എന്നാല്‍ പ്രാകൃത രീതിയിലുള്ള കുഴിക്കക്കൂസുകളാണ് ഇവിടെ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചത്.
ഈ മാലിന്യം പ്രദേശത്തെ കിണറുകളെ മലിനമാക്കിയതോടെയാണ് വലിയ ജനകീയ പ്രതിഷേധം ഇവിടെ ഉയര്‍ന്നത്. കളക്ടറും എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പ് കരാറിലെ പല വ്യവസ്ഥകളും കമ്പനി ഏകപക്ഷീയമായി ലംഘിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.
കുടിവെള്ളം മോശമായ വീടുകളിലെ വെള്ളം ഉപയോഗയോഗ്യമാവുന്നത് വരെ ആയിരം ലിറ്റര്‍ കുടിവെള്ളം വീതം നല്‍കുമെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ വെള്ളം പരിശോധിക്കുകയും വെള്ളം ഉപയോഗയോഗ്യമാണെന്ന് പറഞ്ഞ് കുടിവെള്ള വിതരണം മുടക്കുകയും ചെയ്തിരുന്നതായി പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശേഷമാണ് ഇപ്പോള്‍ വീണ്ടും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകിയിരിക്കുന്നത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്ന ആവശ്യവുമായി വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജനങ്ങള്‍. ഓഗസ്റ്റ് 22 ന് വാഗാഡ് കമ്പനിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനിയും വാഗാഡ് കമ്പനിയും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെരിവുള്ള ഭൂമി ബൈപ്പാസിന് സമാന്തരമായി നിരപ്പാക്കാനാണ് ഒത്തുകളിയെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.