കരിപ്പൂർ മുതൽ കൊയിലാണ്ടി വരെ, ദിവസവും വിൽക്കുന്നത് ഒന്നര ലക്ഷം രൂപയുടെ കഞ്ചാവ്; ലക്ഷ്യം വിദ്യാർത്ഥികൾ; ഗൾഫിലുള്ള ‘ബോസിന്’ ലൊക്കേഷനും സെൽഫിയും അയച്ചാൽ ഉടൻ മയക്കുമരുന്ന് എത്തും; അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലുൾപ്പെട്ട ചക്കുംകടവ് സ്വദേശി പിടിയിൽ
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ ചക്കുംകടവ് സ്വദേശി പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്. ഹർഷാദിന്റെ കയ്യിൽനിന്ന് 112 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് പിടിയിലായതെന്ന് പോലീസിന് വ്യക്തമായി. എം.ഡി.എം.എ., എൽ.എസ്.ഡി. സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത് കരിപ്പൂർ മുതൽ കൊയിലാണ്ടി വരെ സ്കൂട്ടറിൽ സഞ്ചരിച്ച് ദിവസവും ഒന്നര ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ് വിൽക്കുന്നുണ്ടന്നാണ് വിവരം. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്.
ഗൾഫിലുള്ള ‘ബോസ്’ എന്നറിയപ്പെടുന്നയാളെ വാട്സാപ്പ് വഴി ഫോൺ ചെയ്ത് നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെൽഫിയും അയച്ചുകൊടുത്താൽ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ചു നൽകുന്നതാണ് രീതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഗൾഫിലുള്ള ബോസ് നാട്ടിലെ വിതരണക്കാരന് വിവരങ്ങൾ കൈമാറുന്നതിനാൽ കൊണ്ടുവരുന്നയാളെപ്പറ്റി യാതൊരു വിവരവും ഉപയോക്താവിന് ലഭ്യമായിരിക്കില്ല. ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വിൽപ്പനയാണ് ഈ സംഘം നടത്തിവന്നിരുന്നത്. കോഴിക്കോട് മേഖലയിൽ ഒരാൾക്ക് കഞ്ചാവ് നല്കാൻ പരസ്പരം തിരിച്ചറിയാത്ത മൂന്നു പേരെയാണ് ഉപയോഗിക്കുന്നത്.
പ്രതിയുടെ രഹസ്യതാവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എം.ഡി.എം.എ., 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽ.എസ്.ഡി. സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപ്പനനടത്തിക്കിട്ടിയ 33,000 രൂപ എന്നിവ പിടിച്ചെടുത്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സ്ഥിരം ഇടപാടുകാരാണെന്നാണ് സൂചന
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ സിറ്റി ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ കെ. അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള കസബ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി എ. അക്ബർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.എ. ശ്രീനിവാസ് ഐപിഎസിന്റെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് മാഫിയക്കെതിരായ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
Summary: Chakumakadavu native international drug mafia dealer arrested in kozhikode