കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം


സ്വന്തം ലേഖകൻ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ അഞ്ച് ജീവനക്കാരെ നിയമിക്കുന്നതിനായി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. അഭിമുഖം ഉള്‍പ്പെടെ നടത്തിയ തസ്തികകളിലേക്കാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി നിയമിക്കാന്‍ തീരുമാനിച്ചത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായവരെയാണ് പിന്‍വാതിലിലൂടെ നിയമിക്കാന്‍ ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചത്.

കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്റെ സഹോദരന്റെ മകള്‍ ഉള്‍പ്പെടെ ആറ് താല്‍ക്കാലിക ജീവനക്കാരെയാണ് ഇപ്പോള്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ഇപ്പോഴുള്ള 13 താൽക്കാലിക ജീവനക്കാരിൽ സീനിയോറിറ്റിയിലെ മുൻഗണന പോലും മറികടന്നാണ് ഈ നീക്കം.

ഇവരെ സ്ഥിരപ്പെടുത്തിയ തസ്തികകളിലേക്ക് നിയമനം നടത്താനായി നേരത്തേ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഒരാളില്‍ നിന്ന് 50 രൂപ അപേക്ഷാ ഫീസ് ഈടാക്കിക്കൊണ്ടാണ് അപേക്ഷകള്‍ ക്ഷണിച്ചത്. മുന്നൂറിലേറെ പേര്‍ ഫീസ് നല്‍കി ക്ഷേത്രത്തില്‍ അപേക്ഷ നല്‍കിയിരുന്നു.

2019 ൽ ഇവരെ രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തില്‍ വച്ച് അഭിമുഖം നടത്തുകയും റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അഭിമുഖത്തില്‍ പങ്കെടുത്ത് ജോലിക്കായി കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കിയാണ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് വേണ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം.


ഈ വാർത്തയോടുള്ള നിങ്ങളുടെ അഭിപ്രായം വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…