പാട്ടെഴുത്തിലും അഭിനയത്തിലും തിളങ്ങി പ്രിയഗായകൻ; ‘തല്ലുമാല’യില്‍ താരമായി കൊയിലാണ്ടിയുടെ അഭിമാനം കൊല്ലം ഷാഫി (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം ഷാഫിയെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ചൊരു മുഖവുര വേണ്ട കൊയിലാണ്ടിക്കാര്‍ക്ക്. മാപ്പിളപ്പാട്ടുകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്കിടയിൽ പ്രശസ്തനായ ഷാഫി കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട താരമാണ്.
ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’. പതിവിൽ നിന്ന് വ്യത്യസ്തമായി ‘തല്ലുമാല’യിൽ പാട്ടിന് പുറമെ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് കൊല്ലം ഷാഫി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ് തല്ലുമാല.
ഷാഫി എന്ന് തന്നെയാണ് തല്ലുമാലയിലെ കൊല്ലം ഷാഫിയുടെ കഥാപാത്രത്തിന്റെയും പേര്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ വസീമിന്റെ അളിയനായാണ് ഷാഫി വെള്ളിത്തിരയിലെത്തുന്നത്.
വീഡിയോ 1:
ചിത്രത്തിന്റെ ആദ്യപകുതിയില്‍ തന്നെ ഷാഫി സ്ക്രീനില്‍ മിന്നി മറയുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ സീനുകളിലൂടെ ഷാഫി കൊയിലാണ്ടിക്കാര്‍ക്ക് ആവേശമേകുന്നുണ്ട്. ഷാഫി കൊല്ലം തന്നെ എഴുതിയ പാട്ടുകളും ചിത്രത്തിലെ കല്ല്യാണ രംഗങ്ങളില്‍ പാടി ഉപയോഗിച്ചിട്ടുണ്ട്.
ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി അടുത്തിടെയായി സിനിമയിൽ സജീവമാണ്. മോഹൻലാൽ നായകനായി എത്തിയ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സൂഫി ഗാനത്തിന് ഷാഫിയാണ് വരികളെഴുതിയത്. ചിത്രത്തിനൊപ്പം ഈ ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
Related Story: ‘മരക്കാറില്‍ എത്തിയത് സിയ ഉള്ഹക്കിലൂടെ, സംഗീതത്തില്‍ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ല, പാട്ട് പോലെ അഭിനയവും ഏറെയിഷ്ടം’; കൊല്ലം ഷാഫിയുമായുള്ള അഭിമുഖം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിച്ച തല്ലുമാല സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന്, ഷൈന്‍ ടോം ചാക്കോ, ലുഖ്മാന് അവറാന്, ബിനു പപ്പു, ജോണി ആന്റണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മുഹ്സിന് പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെന്‍ട്രല്‍ പിക്ചേര്‍സ്. വിഷ്ണു വിജയ് ആണ് സംഗീതസംവിധാനം. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.