ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹ്യ ജാഗരൺ ക്യാമ്പയിൻ; വിവിധ ഇടങ്ങളിലായി ഒത്തു ചേർന്നത് നൂറ് കണക്കിന് കർഷകർ


കൊയിലാണ്ടി: ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, കർഷക സംഘം എന്നിവർ സംയുക്തമായി സാമൂഹ്യജാഗരൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാ​ഗമായി പൊതുപരിപാടികളും ജാഥയും നടത്തി. ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യം അനുഭവിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കും അ​ഗ്നിപഥ് പദ്ധതിക്കും എതിരെയായിരുന്നു സാമൂഹ്യജാഗരൺ ക്യാമ്പയിൻ. ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, കീഴരിയൂർ, അരിക്കുളം, നടേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.

കർഷക സംഘം സംസ്ഥാന കമ്മിറ്റി അം​ഗം കെ.ഷിജു കീഴരിയൂരിൽ നടന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വെെസ് പ്രസിഡന്റ് എ.കെ.രമേശൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ബാബു, എം എം രവീന്ദ്രൻ, സി ഹരീന്ദ്രൻ , എം നാരായണൻ, എന്നിവർ സംസാരിച്ചു. എം.സുരേഷ് സ്വാഗതവും ഇ. ടി നന്ദകുമാർ നന്ദിയും പറഞ്ഞു. കീഴരിയൂരിലും നമ്പ്രത്ത്കരയിലുമായി രണ്ട് മേഖല ജാഥകൾ നടന്നു.

കൊയിലാണ്ടി ന​ഗരത്തിലെ പരിപാടി കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൗത്ത്, സെൻട്രൽ, ഈസ്റ്റ് മേഖലകയിലെ പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.

ചേമഞ്ചേരി പഞ്ചായത്തിലെ ക്യാമ്പ് തിരുവങ്ങൂരിൽ നടന്നു. പാർട്ടി ജില്ലാസെക്രട്ടറിയേറ്റ് അം​ഗം മുഹമ്മദ് ഉദ്ഘാടനം പരിപാടി ചെയ്തു. വെങ്ങളം കാപ്പാട്,ചേമഞ്ചേരി മേഖലയിൽ ഉള്ളവർ ജാഥയിൽ പങ്കെടുത്തു.

ചെങ്ങോട്ട്കാവ് പ‍ഞ്ചായത്തിൽ നടന്ന ക്യാമ്പയിൻ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അം​ഗവും പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമായ പി.ബാബു രാജ് ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവ്, ചെങ്ങോട്ട് കാവ് മേഖലയിലുള്ളവർ ജാഥയിൽ പങ്കെടുത്തു.

ആനക്കുളത്തും മേഖലകൾ സംയുക്തമായി ജാഥകളും പൊതുയോ​ഗവും സംഘടിപ്പിച്ചു. കർഷക സംഘം ഏരിയാ പ്രസിഡന്റും അരിക്കുളം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എം.സു​ഗതൻ മാസ്റ്റർ ഉ​ദ്ഘാടനം നിർവ്വഹിച്ചു. ആനക്കുളം, കൊല്ലം മേഖലയിലുള്ളവരാണ് ജാഥയിൽ പങ്കെടുത്തത്.

അരിക്കുളത്ത് നടന്ന സാമൂഹ്യജാഗരൺ ക്യാമ്പയിൻ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. അരിക്കുളത്തും കാരയാടുമായി രണ്ട് മേഖല ജാഥകൾ നടന്നു.നടേരിയിൽ നടന്ന ക്യാമ്പയിൻ സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

summary: Social Jagaron Campaign against the anti-farmer and anti-worker policies of the BJP government