മൂടാടി പഞ്ചായത്തില്‍ സേവനങ്ങള്‍ക്ക് ഇനി മിന്നല്‍ വേഗം; ഇ-സേവന കേന്ദ്രങ്ങള്‍ മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് നിര്‍വ്വഹിച്ചു. മൂന്ന് ഇ-സേവന കേന്ദ്രങ്ങളാണ് മൂടാടിയില്‍ ആരംഭിച്ചത്. ഇ-സേവന കേന്ദ്രങ്ങള്‍ വരുന്നതോടെ താഴെ തട്ടിലുള്ള അഴിമതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളും ഇ-സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇ-സേവന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ മറ്റ് വകുപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. പഞ്ചായത്തിലെ വനിതകളായ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന്റെ സംരംഭകര്‍. ഇ-സേവന കേന്ദ്രങ്ങളില്‍ ആവശ്യമായ ഐ.ടി ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍, ലാമിനേഷന് ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ജീവനാന്ദന്‍, സുഹറ ഖാദര്‍, മൂടാടി പഞ്ചായത്തംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം.ശ്രീലത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മൂടാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.
മൂടാടി ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഘടക വിഭാഗത്തിലാണ് ഇ-സേവന കേന്ദ്രങ്ങള്‍ രൂപീകരിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകള്‍ക്ക് പൊതുവായി മൂന്ന് ഗ്രൂപ്പുകളാണ് രൂപീകരിച്ചത്. അഞ്ച് പേര് ചേര്‍ന്നതാണ് ഓരോ ഗ്രൂപ്പുകളും.
മൂടാടി പഞ്ചായത്തിലെ 2, 3, 4, 6, 8, 9, 10, 13, 17 വാര്‍ഡുകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. ഉഷസ്, സണ്‍റൈസ്, പ്രതീക്ഷ എന്നീ ഗ്രൂപ്പുകളാണ് പഞ്ചായത്തിലുള്ളത്. നന്തി, ചിങ്ങപുരം, മുചുകുന്ന്, മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ഇ-സേവന കേന്ദ്രങ്ങള്‍ ആദ്യപടിയായി പ്രവര്‍ത്തിക്കുന്നത്.
ആവശ്യമനുസരിച്ച് പിന്നീട് ഈ കേന്ദ്രങ്ങള്‍ വിവിധ വാര്‍ഡുകളില്‍ മൈക്രോ സര്‍വ്വീസ് സെന്ററുകളായും പ്രവര്‍ത്തിക്കും. ഒരു ഗ്രൂപ്പിന് 28000 രൂപ സബ്സിഡിയായും 80000 രൂപ ബാങ്ക് ലോണായും അനുവദിച്ചു. ആകെ 3.6 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇത്.
പഞ്ചായത്തിന്റെ നികുതി, മറ്റ് സേവനങ്ങള്‍, റവന്യൂ നികുതി തുടങ്ങിയ പ്രാഥമിക സേവനങ്ങള്‍ ആദ്യഘട്ടത്തിലും പിന്നീട് സംസ്ഥാനത്തെ മറ്റ് വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങളും സംസ്ഥാനത്തിന് പുറത്തെ മറ്റ് സേവനങ്ങളും ഇ-സേവന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ഭാവിയില്‍ അക്ഷയ കേന്ദ്രങ്ങള്‍ പോലെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കാനുള്ള സ്ഥാപനങ്ങളായി ഇ-സേവന കേന്ദ്രങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും പ്രതീക്ഷിക്കുന്നുണ്ട്.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..