‘മലയാളം ഡിഗ്രിയെടുത്ത് പഠിക്കണമെന്ന് പറഞ്ഞ് തന്റെയടുത്തേക്ക് ഓടിവന്ന പെൺകുട്ടിയുടെ ചിത്രം ഇന്നലെയെന്ന പോലെ മനസിലുണ്ട്, പ്രിയപ്പെട്ട മോളേ… ഒരിക്കലും തീരാ വേദനയായിപ്പോയല്ലോ…’; ഹൃദയം നുറുങ്ങുന്ന വാക്കുകളാൽ തിക്കോടി സ്വദേശിനി അർക്കജയെ അനുസ്മരിച്ച് അധ്യാപകൻ സുരേഷ്


വേദ കാത്റിൻ ജോർജ്

തിക്കോടി: ‘മാഷേ എനിക്ക് മലയാളം ഡിഗ്രി എടുത്തു പഠിക്കണം’ പ്ലസ് ടു ക്ലാസ്സിനിടയിൽ ഒരു പെൺകുട്ടി ഓടി വന്നു പറയുന്ന ചിത്രം സുരേഷ് മാഷിന്റെ മനസ്സിൽ ഇന്നലെയെന്ന പോലെ പതിഞ്ഞു കിടപ്പുണ്ട്. പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കുന്ന വിദ്യാർത്ഥിനിക്ക് മലയാളത്തോട് കമ്പമോ എന്ന് ആദ്യം അത്ഭുതപെട്ടുവെങ്കിലും തന്റെ ഇഷ്ട്ടം പിന്നീടുള്ള പഠനത്തിൽ അവൾ കാട്ടുകയായിരുന്നു. എന്നാൽ ഇന്നലെ അപ്രതക്ഷിതമായി അവളുടെ മരണ വാർത്ത തേടിയെത്തിയത് തീരാ നോവായി മാറുകയായിരുന്നു. ഇന്നലെ തിക്കോടിയിൽ മരിച്ച നടുപ്പറമ്പിൽ അർക്കജയെ പറ്റി അധ്യാപകൻ സുരേഷ് മാഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പങ്കിട്ടു.

‘പയ്യോളി ഹയർ സെക്കന്ററി സ്കൂളിലാണ് ഞാൻ അർക്കജയെ പഠിപ്പിച്ചത്. ഒരു നാൾ പെട്ടന്ന് വന്നു മലയാളം വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നടത്തണമെന്ന തന്റെ ആഗ്രഹം പറയുകയിരുന്നു. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയെ വീട്ടുകാർ മലയാളം പഠിക്കാൻ വിടുമോ എന്ന ആശങ്ക ഞാൻ അവളുമായി പങ്കിട്ടു, എന്താണെങ്കിലും എനിക്ക് മലയാളം പടിക്കണമെന്നായൊരുന്നു അവളുടെ മറുപടി. എന്റെ ക്ലാസുകൾ അവൾക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും പറയുമായിരുന്നു.’

 

‘ഫറോഖ് കോളേജിൽ കുട്ടി മലയാളം ഡിഗ്രിക്ക് ചേർന്നു. നിറയെ എതിർപ്പുകൾ നേരിടേണ്ടി വന്നു. അർക്കജയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് പിടിച്ചു നില്ക്കാൻ കഴിഞ്ഞത്. ഇയർന്ന മാർക്കോടെയാണ് അവിടെ നിന്ന് പാസായത്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളം എം.എ ക്കു ചേർന്നു. അതും ഉന്നത മാർക്കോടെയാണ് പാസായത്. പിന്നീട് എം.ഫിൽ ചെയ്തു. അതിനു ശേഷം മലയാളത്തിന് ജെ.ആർ.എഫ് കിട്ടി, അത്രമേൽ കഴിവുള്ള കുട്ടിയായിരുന്നു അത്.

‘ആ സമയങ്ങളിലെല്ലാം നിരന്തരമായി കുട്ടി എന്നെ വിളിക്കുമായിരുന്നു, പഠന കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. എന്നാൽ കഴിഞ്ഞൊരു വർഷമായി ഞാൻ ഇടയ്ക്കിടെ വിളിച്ചപ്പോഴുന്നും ഫോൺ എടുത്തില്ല. കോവിഡ് കാലം ആരംഭിച്ചതോടെ കാണാനുള്ള സാഹചര്യവും ഉണ്ടായില്ല. ഇന്നലെ മരണ വാർത്ത അറിഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയി. അർബുദ രോഗം പിടിപെട്ടുവെന്നുള്ള വിവരം ഞാൻ അറിഞ്ഞിരുന്നില്ല. അതിനു ശേഷം ഫോൺ എടുക്കാനോ സംസാരിക്കാനോ ഒന്നും താല്പര്യമില്ലായിരുന്നു. മരണ വിവരം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. നല്ല ഭാവി ഉള്ള കുട്ടിയായിരുന്നു’. മാഷ് കൂട്ടിച്ചേർത്തു.

‘ഇന്ന് മലയാളം ഡിപ്പാർട്മെന്റിന്റെ അനുസ്മരണം ഉണ്ടായിരുന്നു. എല്ലാ അധ്യാപകർക്കും പറയാനുണ്ടായിരുന്നത് ഒന്നേയുള്ളായിരുന്നു എപ്പോഴും പുഞ്ചിരിയോടെ സ്നേഹത്തോടെ മാത്രം പെരുമാറുന്ന എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു അവളെന്ന്’.

അർക്കജയെ അനുസ്മരിച്ച് സുരേഷ് മാഷ് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ്:

പയ്യോളി പ്ലസ്ടു വിൽ ഏറ്റവും ഇമ്പത്തോടെ ഒരു ക്ലാസ്സെടുത്ത് പുറത്തേക്കിറങ്ങിയ നേരം, മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി എന്റെ പുറകേ ഓടി വന്നു. മാഷേ, എനിക്ക് മലയാളമെടുത്ത് ഡിഗ്രിക്ക് പഠിക്കണം, അവൾ പറഞ്ഞു.ഞാൻ അല്പനേരം അവളുടെ മുഖത്തേക്കു നോക്കി നിന്നു. പതിവു പോലെ അവൾ വിടർന്നു ചിരിക്കുന്നു. എനിക്ക് അഭിമാനവും ആശ്ചര്യവും തോന്നി.

നീ കമ്പ്യൂട്ടർ സയൻസല്ലേ … വല്ല എഞ്ചിനീയറിംഗിനോ ബി.എസ്.സിക്കോ അയക്കാനായിരിക്കില്ലേ വീട്ടുകാർക്കിഷ്ടം?
എനിക്ക് മലയാളംബി.എ യ്ക്ക് ചേരണം. അവൾ ഉറപ്പിച്ചു പറഞ്ഞു.

അർക്കജയും ഞാനും കൂട്ടാകുന്നതങ്ങനെയാണ്. പ്ലസ്ടു കഴിഞ്ഞപ്പോൾ പറഞ്ഞ പോലെ അവൾ ഫാറൂഖ് കോളജിൽ ബി.എ മലയാളത്തിനു ചേർന്നു. ഒന്നാം ക്ലാസ്സോടെ ജയിച്ചു. അതിനു ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മലയാളവും ഉയർന്ന മാർക്കോടെ പാസ്സായി. എംഫില്ലിനും ഉയർന്ന മാർക്കോട് കൂടി തന്നെ അവൾ തന്റെ മലയാളപ്രേമം വീണ്ടും തെളിയിച്ചു. പിന്നീട് ജെ.ആർ.എഫ് നേടി ഗവേഷണം തുടങ്ങി.

അപ്പോഴൊക്കെ അർക്കജ വിളിച്ചു. ഇടയ്ക്കൊക്കെ ഞങ്ങൾ കണ്ടുമുട്ടി. നല്ല വായന, സൂക്ഷ്മമായ നിരീക്ഷണം, നിശിതമായ അഭിപ്രായങ്ങൾ ….

ഇന്ന് അപ്രതീക്ഷിതമായാണ് അവൾ പോയ വിവരമറിയുന്നത്.. പ്രിയപ്പെട്ട മോളേ, ഒരിക്കലും തീരാത്ത വേദനയായിപ്പോയല്ലോ…