ചെമ്മീനുണ്ട്, സ്രാവുണ്ട്, നീലത്തിമിംഗലമുണ്ട്… ദേഹത്താകെ മീനുകളുടെ രൂപം ‘ടാറ്റൂ അടിച്ച്’ ഒരു മീന്‍! കൊയിലാണ്ടി ഹാര്‍ബറിലെ സെന്റര്‍ വള്ളക്കാര്‍ക്ക് ലഭിച്ച മീനിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: ദേഹം നിറയെ ടാറ്റൂ അടിച്ച ഒരു മീന്‍! ഇന്ന് രാവിലെ കിട്ടിയ മീന്‍ കണ്ടപ്പോള്‍ കൊയിലാണ്ടിയിലെ സെന്റര്‍ വഞ്ചി ഗ്രൂപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തോന്നിയത് ഇതാണ്. അത്തരമൊരു മീനിനെ ജീവിതത്തിലാദ്യമായാണ് അവര്‍ കാണുന്നത്.
നാല്‍പ്പതോളം തൊഴിലാളികളുമായി ഇന്ന് കടലില്‍ പോയ സെന്റര്‍ വഞ്ചി ഗ്രൂപ്പിന്റെ ബോട്ടിലാണ് ഈ അപൂര്‍വ്വ മീനിനെ കിട്ടിയത്. പൈന്തി എന്ന മീനാണ് ഇത്. സാധാരണ ലഭിക്കുന്ന പയന്തിയില് നിന്ന് വ്യത്യസ്തമായി ഈ മീനിന്റെ ദേഹം നിറയെ മീനുകളുടെ രൂപമാണ് ഉള്ളത്. ഇതാണ് കൗതുകത്തിന് കാരണമായത്.
നാല്‍പ്പത് വര്‍ഷത്തിലേറെയായി കടലില്‍ പോകുന്നവര്‍ ഉള്‍പ്പെടെ കൊയിലാണ്ടി ഹാര്‍ബറിലുണ്ട്. പൈന്തി മീനിനെ അപൂര്‍വ്വമായി ലഭിക്കാറുണ്ടെങ്കിലും സഹജീവികളുടെ ചിത്രം ദേഹത്തുള്ള ഇത്തരമൊരു മീനിനെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് അവര്‍ പറയുന്നത്.
മൂന്നു കിലോഗ്രാമോളം ഭാരമാണ് മീനിനുള്ളത്. മീനിന്റെ പുറത്ത് നീലത്തിമിംഗലം, സ്രാവ്, ചെമ്മീന്‍, രാജാവ് തുടങ്ങി അനേകം മത്സ്യങ്ങളുടെ രൂപമുണ്ട്. ഹാര്‍ബറില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി വല വീശിയപ്പോഴാണ് ഈ അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചത്.
മീനിനെ കിട്ടിയ ഉടന്‍ ബോട്ടിലുള്ളവര്‍ ചിത്രമെടുത്ത് സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ പങ്കുവച്ചു. എന്നാല്‍ ഈ മത്സ്യത്തെ കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിന് മറ്റ് മീനുകള്‍ ലഭിക്കാത്തതിനാല്‍ ‘ടാറ്റൂ അടിച്ച’ കറുത്ത പൈന്തിയെ ബോട്ടിലെ തൊഴിലാളികള്‍ കറിവച്ച് കഴിക്കുകയായിരുന്നു.
എന്നാല്‍ മീനിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പലരും ഈ മീനിനെ അന്വേഷിച്ച് ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്ക് മീന്‍ ചോറിനൊപ്പം തൊഴിലാളികളുടെ അകത്തെത്തിയിരുന്നു.