കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: നഗരത്തിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം. കെട്ടിടത്തിന് അകത്ത് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരപ്പലകകള്‍ക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കെട്ടിടത്തിനുള്ളില്‍ രാവിലെ മുതല്‍ തീ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഉച്ചതിരിഞ്ഞ് ഇത് ശ്രദ്ധയില്‍ പെട്ടവരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ആളുകളെത്തിയത് കണ്ട് കെട്ടിടത്തിനകത്തുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വൈദ്യുതീകരണത്തിന് ഉപയോഗിക്കുന്ന വയറുകള്‍ ഈ കെട്ടിടത്തിനകത്ത് കൊണ്ടുവന്ന് തീ കത്തിച്ച് ഉള്ളിലെ കോപ്പര്‍ ഭാഗം എടുത്ത് വില്‍ക്കുന്ന സംഘമാണ് തീ പിടിത്തത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വയറിലെ കോപ്പര്‍ എടുക്കാനായി കത്തിച്ച തീയില്‍ നിന്നാകാം മരപ്പലകകള്‍ക്ക് തീ പിടിച്ചതെന്നാണ് അനുമാനമെന്ന് സംഭവ സ്ഥലത്തുള്ളവർ പറഞ്ഞു.

തീ പിടിത്തത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഫയര്‍ എഞ്ചിന്‍ വാഹനം മേല്‍പ്പാലത്തിന് മുകളില്‍ നിര്‍ത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഇപ്പോള്‍ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്.