പ്രവാസിയോര്‍മ്മകള്‍ക്ക് മഷി പുരളാനൊരിടം; കൊയിലാണ്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനായി കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പുതിയ പംക്തി ആരംഭിക്കുന്നു; വിശദമായി അറിയാം


Advertisement

മലയാളി ഇല്ലാത്ത ഒരിടവും ലോകത്ത് ഇല്ല എന്നൊരു പറച്ചിലുണ്ട്. ജീവിക്കാനായി ജനിച്ച നാടിനെയും ഉറ്റവരെയും വിട്ട് മറ്റേതോ ദേശത്ത് പോയി അധ്വാനിക്കുന്ന പ്രവാസികള്‍ കാരണമാകും ഏതോ ഒരാള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയത്. അതെ, ലോകമാകെയുള്ള പല പല നാടുകളിലായി എണ്ണമില്ലാത്തത്ര മലയാളികളാണ് പ്രവാസികളായി ഉള്ളത്.

Advertisement

നമ്മുടെ കൊയിലാണ്ടിയില്‍ നിന്നും അങ്ങനെ പ്രവാസികളായി പോയ പതിനായിരങ്ങള്‍ ഉണ്ട്. മനസ് നാട്ടില്‍ വച്ച് ശരീരം മാത്രമായി മറ്റേതോ നാട്ടില്‍ ജീവിക്കുന്നവര്‍. ഉറ്റവരെയും ഉടയവരെയും ഒന്നടുത്ത് കാണാന്‍ കൊതിച്ചാലും കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍.

Advertisement

അങ്ങനെ കൊയിലാണ്ടിയില്‍ നിന്ന് പ്രവാസികളായി പോയവര്‍ക്കായി ഒരിടം ഒരുക്കുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. പ്രവാസ ജീവിതത്തിനിടെ നിങ്ങളുടെ മനസിലേക്ക് ഇരമ്പിയെത്തുന്ന കൊയിലാണ്ടിയോര്‍മ്മകള്‍ പ്രസിദ്ധീകരിക്കാനായി ഇവിടെ ഒരു പംക്തി ആരംഭിക്കുകയാണ്.

പ്രവാസിയുടെ കൊയിലാണ്ടി

പംക്തിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രവാസികളുടെ മനസിലെ കൊയിലാണ്ടിയെ വരച്ചിടാനുള്ള ഇടമാണ് ഇത്. നിലവില്‍ പ്രവാസിയായി ജീവിക്കുന്നവര്‍ക്കും പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ കഴിയുന്നവര്‍ക്കും ഈ പംക്തിയിലേക്ക് കുറിപ്പ് അയക്കാം. കൊയിലാണ്ടിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓര്‍മ്മകളാണ് ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുക.

Advertisement

പണ്ട് സ്‌കൂളില്‍ പഠിച്ച കാലം, കോളേജ് ജീവിതം, പ്രണയം, പ്രവാസ ജീവിതത്തിലേക്ക് എത്തിപ്പെട്ട കഥ, പ്രവാസത്തിനിടെ നാട്ടില്‍ വന്ന് തിരിച്ച പോയ അനുഭവം തുടങ്ങി കൊയിലാണ്ടിയുമായി ബന്ധപ്പെട്ട എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും പ്രവാസികളായ കൊയിലാണ്ടിക്കാര്‍ക്ക് ഇവിടെ എഴുതാം. ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തി എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഇന്ത്യന്‍ സമയം ഒമ്പത് മണിക്കാണ് പ്രസിദ്ധീകരിക്കുക.

എഴുതാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ലളിതമായ ചില നിബന്ധനകള്‍ പാലിച്ച് വേണം കുറിപ്പുകള്‍ അയക്കാന്‍.

എന്തൊക്കെയാണ് നിബന്ധനകള്‍?

  1. മലയാളത്തില്‍ ടൈപ്പ് ചെയ്ത രചനകള്‍ വേണം അയക്കാന്‍. ഇംഗ്ലീഷ്, മംഗ്ലീഷ് ടൈപ്പിങ്, വോയിസുകള്‍ എന്നിവ സ്വീകാര്യമല്ല. കടലാസില്‍ എഴുതിയ രചനകളുടെ ചിത്രം അയക്കുന്നതും സ്വീകാര്യമല്ല.
  2. കുറഞ്ഞത് 200 വാക്കുകളുള്ള രസകരമായ രചനകളാണ് പ്രതീക്ഷിക്കുന്നത്.
  3. നിങ്ങളുടെ അനുഭവക്കുറിപ്പിന് ആകര്‍ഷകമായ തലക്കെട്ട് നല്‍കി വേണം അയക്കാന്‍.
  4. അനുഭവക്കുറിപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒപ്പം ചേര്‍ക്കാനായി ഉണ്ടെങ്കില്‍ അയക്കാം. ഇത് നിര്‍ബന്ധമല്ല.
  5. അനുഭവക്കുറിപ്പ് എഴുതുന്ന പ്രവാസിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്ന ഫോട്ടോ, പൂര്‍ണ്ണമായ പേര്, വീട്ടുപേര്, നാട്ടിലെ സ്ഥലം, ഏത് സ്ഥലത്താണ് ജോലി ചെയ്യുന്നത്, വാട്ട്‌സ്ആപ്പ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും കുറിപ്പിന് ഒപ്പം അയക്കണം.
  6. ഇ-മെയില്‍ ആയോ വാട്ട്‌സ്ആപ്പിലൂടെയോ ആണ് രചനകള്‍ അയക്കേണ്ടത്.
    ഇ-മെയില്‍ വഴിയാണ് അയക്കുന്നതെങ്കില്‍ സബ്ജക്റ്റ് ലൈനില്‍ ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന് എഴുതണം. koyilandynews.com@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് രചനകള്‍ അയക്കേണ്ടത്. വാട്ട്‌സ്ആപ്പിലൂടെയാണ് രചനകള്‍ അയക്കുന്നതെങ്കില്‍ +918891228873 എന്ന നമ്പറിലാണ് അയക്കേണ്ടത്. ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങള്‍ അറിയാനും ഈ നമ്പറിലേക്ക് വാട്ട്‌സ്ആപ്പില്‍ മെസേജ് അയക്കാവുന്നതാണ്. (മെസേജ് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക)
  7. നിങ്ങള്‍ അയക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന തീരുമാനം പൂര്‍ണ്ണമായും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എഡിറ്റോറിയല്‍ ടീമില്‍ നിക്ഷിപ്തമാണ്.

അപ്പോള്‍ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ, നമുക്ക് എഴുതിത്തുടങ്ങാം. ലോകമാകെയുള്ള കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പതിനായിരക്കണക്കിന് വായനക്കാരിലേക്ക് നിങ്ങളുടെ ഓര്‍മ്മകളുടെ മനോഹാരിത വാക്കുകളായി ഒഴുകട്ടെ.

നിങ്ങളൊരു പ്രവാസി അല്ലെങ്കില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ പ്രവാസികളിലേക്ക് ഈ വിവരം ഷെയര്‍ ചെയ്യൂ.

കൊയിലാണ്ടി കാത്തിരിക്കുകയാണ്, നിങ്ങളുടെ രചനകള്‍ക്കായി….