അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാട് ടി.സി അഭിലാഷിന്റെ മകള്‍



അരിക്കുളം:
രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്.

ടി.സി. അഭിലാഷ് തന്റെ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും രാഷ്ട്രീയത്തിലും പൊതുപരിപാടികളിലും സജീവമായിരുന്നു. അത്രയേറെ കരുത്തോടെയായിരുന്നു അദ്ദേഹം രോഗത്തെ നേരിട്ടത്. അച്ഛനില്‍ നിന്നു പകര്‍ന്നുകിട്ടിയ ഊര്‍ജ്ജമാവാം പ്രതിസന്ധി ഘട്ടങ്ങളിലും പുണ്യയ്ക്ക് ബലമായത്.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പഠനം. മാനസികമായി ഏറെ തകര്‍ന്നെങ്കിലും തങ്ങളാലാവും വിധം അഭിലാഷിന്റെ മാതാപിതാക്കളും ഭാര്യ സജിതയും മകള്‍ക്ക് പിന്തുണയേകി കൂടെയുണ്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക കേന്ദ്രത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്യുന്നുണ്ട് സജിത. അനുജത്തി നിയ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

2020 ഫെബ്രുവരി പതിനഞ്ചിനാണ് ടി.സി.അഭിലാഷ് മരണപ്പെടുന്നത്. ബാലസംഘത്തിലൂടെ പൊതുരംഗത്ത് വരികയും എസ്.എഫ്.ഐയിലൂടെ വളര്‍ന്നുവന്ന് ഡി.വൈ.എഫ്.ഐയുടെ അമരക്കാരനായി, കൊയിലാണ്ടിയില്‍ ബ്ലോക്ക് ഭാരവാഹിയായി, ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായി ഒക്കെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ടി.സി അഭിലാഷ്. രാഷ്ട്രീയ കലാസാംസ്‌കാരിക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം ഗുരുതരമായ രോഗത്തിന്റെ പിടിയിലാവുന്നത്. അതീവ ഗുരുതര അവസ്ഥയിലെത്തിയപ്പോഴായിരുന്നു രോഗം തിരിച്ചറിയപ്പെട്ടത്.