അങ്കണവാടികളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കോഴിക്കോട് ജില്ലയിലെ 105 അങ്കണവാടികളില്‍ വൈഫൈ വരുന്നു
കോഴിക്കോട്: ജില്ലയിലെ 105 അങ്കണവാടികളില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം വരുന്നു. അങ്കണവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്‍സ് ക്ലബ്ബ്) പ്രവര്‍ത്തനം മെച്ചപ്പെടുത്താനായാണ് വൈഫൈ സ്ഥാപിക്കുന്നത്.
സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പിന് കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളിലാണ് ആദ്യഘട്ടത്തില്‍ വൈഫൈ എത്തുക. ഒരു അങ്കണവാടിക്ക് 2500 രൂപ വകുപ്പ് ഇതിനായി അനുവദിച്ചു.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ശാക്തീകരണം ലക്ഷ്യമിട്ടാണ് ‘വര്‍ണക്കൂട്’ എന്നപേരില്‍ കുമാരി ക്ലബ്ബുകള്‍ രൂപീകരിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നില്ല.
ഇത് പരിഹരിക്കാനാണ് വൈഫൈ ഏര്‍പ്പെടുത്തുന്നത്. ഇതുമൂലം പഠന വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കാനും പൊതുപരീക്ഷകളിലെ മികവ് വര്‍ധിപ്പിക്കാനും പാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കാനും സാധിക്കും. ബി.എസ്.എന്‍എലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
100 മീറ്റര്‍ ചുറ്റളവില്‍ ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ കേബിള്‍ നെറ്റ്വര്‍ക്കുള്ള അങ്കണവാടികള്‍ക്ക് മുന്‍ഗണന നല്‍കും. ഈ സൗകര്യമില്ലാത്ത അങ്കണവാടികള്‍ക്ക് സ്വന്തം ചെലവില്‍ സംവിധാനം ഏര്‍പ്പെടുത്താം.
ആദിവാസി, തീരദേശ മേഖലകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ താമസിക്കുന്ന കോളനികള്‍ക്കും മുന്‍ഗണന നല്‍കും. അങ്കണവാടികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി 25 നകം പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുള്ളത്.