എച്ച്.വണ്‍.എന്‍.വണ്‍: ഉള്ളിയേരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്


ഉള്ളിയേരി: ഉള്ളിയേരിയില്‍ പന്നിപ്പനി (എച്ച്.വണ്‍.എന്‍.വണ്‍) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആനവാതില്‍ ശിശുമന്ദിരത്തിനടുത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. എം.എസ്.ബിനോയ് ക്യാമ്പിന് നേതൃത്വം നല്‍കി.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതിരോധമ മരുന്ന് നല്‍കി. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 13 പേരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ നൂറോളം വീടുകളില്‍ ആരോഗ്യവകുപ്പ് വിവരശേഖരണം നടത്തി.

പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആലങ്കോട് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ.മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിതേഷ് എന്‍.ടി, എന്‍.പി.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.