ഈ മഴക്കാലത്ത് വീട്ടിലൊരു ഫലവൃക്ഷം നട്ടാലോ? കുറഞ്ഞ നിരക്കിൽ തൈകൾ വാങ്ങാനായി നാളെ മുതൽ കൊയിലാണ്ടിയിലേക്ക് വന്നോളൂ… വിവിധ പരിപാടികളുമായി ഞാറ്റുവേലച്ചന്ത നാളെ തുടങ്ങും


കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും കൃഷിശ്രീ കാർഷിക സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത നാളെ ആരംഭിക്കും. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ചന്ത നടക്കുക. ജൂൺ 11 വരെ ഞാറ്റുവേലച്ചന്ത കൊയിലാണ്ടിയിൽ ഉണ്ടാകും.

നാളെ രാവിലെ ഒമ്പത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിക്കും. വൈകീട്ട് നാല് മണിക്ക് നാടൻ പാട്ട് അരങ്ങേറും.

കാർഷിക സർവകലാശാലയുടെ മുന്തിയ ഇനം ബഡ്, ഗ്രാഫ്റ്റ്, നാടൻ തൈകളുടെ വിപുലമായ ശേഖരം ചന്തയിൽ ഒരുക്കിയിട്ടുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, ബട്ടർ, സപ്പോട്ട, ജാതി, പുളി, റമ്പൂട്ടാൻ, കവുങ്ങ്, പപ്പായ, കറിവേപ്പില തുടങ്ങി എല്ലാവിധ തൈകളും ചുരുങ്ങിയ നിരക്കിൽ ഇവിടെ ലഭ്യമാവും. കൂടാതെ ജൈവവളങ്ങളും ജൈവ കീടനാശിനികൾ എന്നിവയും ഇവിടെ നിന്ന് വാങ്ങാം.

ഞാറ്റുവേലച്ചന്തയുടെ ഭാഗമായി ജൂൺ ഏഴിന് വൈകീട്ട് മൂന്ന് മണിക്ക് ഏഴോളം ഉൽപന്നങ്ങളുടെ കൗണ്ടർ ഉദ്ഘാടനം നടക്കും. എട്ടിന് കൃഷി ക്ലാസ്. ഒമ്പതിന് 150 ൽ പരം നെൽവിത്തുകളുടെ പ്രദർശനം നടക്കും. ജൂൺ 11 ന് വൈകീട്ട് അഞ്ച് മണിക്ക് ഞാറ്റുവേലച്ചന്ത സമാപിക്കും.