കെ റെയില്‍ കല്ലിടല്‍ ഇനിയില്ല: പകരംജി.പി.എസ് ഉപയോഗിച്ച് സര്‍വ്വേ
കോഴിക്കോട്: കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
മഞ്ഞ കുറ്റിയില്‍ കെ റെയില്‍ എന്ന് രേഖപ്പെടുത്തി സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങളില്‍ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ സര്‍വെ നടത്തും. കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് പുതിയ തീരുമാനം.
കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. 190 കിലോമീറ്ററിലാണ് സില്‍വര്‍ ലൈന്‍ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ സര്‍വെക്ക് സഹായം നല്‍കും.