പാര്‍ട്ടിവിട്ട കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് – എസ് നേതാക്കളും പ്രവര്‍ത്തകരും എന്‍.സി.പി.യിലേക്ക്; ലയന സമ്മേളനം മെയ് 15 ന്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് – എസ്.നേതാക്കളും പ്രവര്‍ത്തകരും 15 ന് നടക്കുന്ന ലയന സമ്മേളനത്തോടെ എന്‍.സി.പിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ്സ് – എസ്. നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റിന്റെ വ്യാജ ഒപ്പും ജില്ലാ കമ്മിറ്റിയുടെ വ്യാജ മിനുട്‌സ് ലറ്റര്‍ പേഡ് എന്നിവ ഉണ്ടാക്കിയും സഹകരണ ബാങ്കില്‍ നിന്നും വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയ പരാതിയില്‍ പോലീസ് എടുത്ത കേസിലെ പ്രതിയായ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ഇയാളെയും വ്യാജ അക്കൗണ്ട് എടുക്കാന്‍ സഹായിച്ചവരെയും സംരക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് – എസ് ബന്ധം ഉപേക്ഷിച്ച് എന്‍.സി.പി യില്‍ ചേരാന്‍ തീരുമാനിച്ചത്.
ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഈ വ്യക്തിക്കെതിരെ ഉയര്‍ന്ന് വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നടപടിയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഉണ്ടായതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഹാളില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ലയന സമ്മേളത്തില്‍ ജില്ലയിലെ എന്‍പത് ശതമാനം പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് – എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്‍ ജില്ലാ ജില്ലാ സെക്രട്ടറി പി.കെ.ബാലകൃഷ്ണ കിടാവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. മോഹന്‍ദാസ്, എം.കുഞ്ഞിരാമനുണ്ണി, യൂത്ത് കോണ്‍ഗ്രസ്സ് – എസ് ജില്ലാ പ്രസിഡന്റ് വള്ളില്‍ ശ്രീജിത്ത് , യൂത്ത് കോണ്‍ഗ്രസ്സ് – എസ്.ജില്ലാ ജന: സെക്രട്ടറി പി.വി.സജിത്ത്, ടി.ശശിധരന്‍, എച്ച്.എസൈഫുദ്ധീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.