കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു; ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം


കോഴിക്കോട്: ചെറുപുഴയില്‍ മാതോലത്തിന്‍ കടവില്‍ ഒഴുക്കില്‍പെട്ട രണ്ടു കുട്ടികളില്‍ ഒരാൾക്ക് ദാരുണാന്ത്യം. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാഖാണ് (9) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

സൈക്കിളെടുത്ത് മൂന്നു കുട്ടികള്‍ ചെറുപുഴയില്‍ മാതോത്തിന്‍ കടവില്‍ കുളിക്കാൻ പോവുകയായിരുന്നു. എന്നാൽ രണ്ടുപേര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി തിരച്ചില്‍ നടത്തി ഇരുവരെയും കരയ്‌ക്കെടുക്കുകയായിരുന്നു. ഇരുവരെയും 15 മിനിറ്റിനകം കരയിലെത്തിച്ചു.

ഉടനെ തന്നെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് ആശുപത്രിയിലേക്കു മാറ്റി. കൂടെയുണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാംപുറം മുഹമ്മദിന്റെ മകന്‍ അമീന്‍ (8) ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദില്‍ഷാഖ് വെണ്ണക്കോട് ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയാണ്. സുഹൈലയാണ് മാതാവ്. സഹോദരങ്ങള്‍: ഹബീബുറഹ്മാന്‍, മുഹമ്മദ് ഹാദി, നഫീസത്തുല്‍ മിസ്രിയ. ഖബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.