കൊയിലാണ്ടിയിൽ 110 കെ.വി സബ് സ്റ്റേഷനുള്ള പണം അനുവദിച്ചു; സ്ഥലം കണ്ടെത്തി; എന്നാൽ നാളുകളേറെയായിട്ടും സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതാവസ്ഥയിൽ തന്നെ
കൊയിലാണ്ടി: പണം ലഭിച്ചിട്ടും പണി തുടങ്ങാനാവാതെ കൊയിലാണ്ടിയിലെ പുതിയ 110 കെ.വി.സബ് സ്റ്റേഷന്‍. സ്ഥലമേറ്റെടുപ്പ് കാര്യങ്ങള്‍ അനിശ്ചിതത്വവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടിയിൽ പുതിയ സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 20.60 കോടി രൂപയുടെ ഭരണാനുമതിയാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നും ലഭിച്ചത്. കൊല്ലം ടൗണിനടുത്ത് വിയ്യൂര്‍ വില്ലേജ് ഓഫീസിന് സമീപം സബ്ബ് സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരടക്കം എത്തി സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥലമെറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ തന്നെ തുടര്‍ നടപടികളും സ്തംഭനത്തിലാണ്.
ഉദ്യോഗസ്ഥർ ഇതിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.സുധാകരൻ അധ്യഷത വഹിച്ചു. രാജേഷ് കീഴരിയൂർ, അഡ്വ: കെ.വിജയൻ, പി.ടി. ഉമേന്ദ്രൻ, പി.കെ. പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു. 110 കെ.വി. സബ് സ്റ്റേഷനാണ് കൊയിലാണ്ടിയിൽ സ്ഥാപിക്കുന്നത്. സബ്ബ് സ്റ്റേഷനിലേക്കായി 6.5 കിലോമീറ്റര്‍ ദൂരത്തില്‍ 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ കൂടി വലിക്കും. ഇതിനുളള പ്രാഥമിക സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
20.60 കോടി രൂപയിൽ 7. 71 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും സിവില്‍ കണ്‍സ്ട്രക്ഷന്‍ പ്രവൃത്തികള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. 7.75 കോടി രൂപ പുതിയ ലൈന്‍ വലിക്കുന്നതിനും ബാക്കി തുക സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനുമാണ് വിനിയോഗിക്കുക.70 സെന്റ് ഭൂമിയാണ് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാനായി മിനിമം വേണ്ടി വരുന്നത്. എന്നാൽ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായലെ ടെണ്ടര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുകയുളളു.
കൊയിലാണ്ടിയില്‍ ഹാര്‍ബര്‍, ആശുപത്രികള്‍,വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍,പുതിയ ഷോപ്പിംഗ് മാളുകള്‍ എന്നിവ സ്ഥാപിതമായതോടെ വൈദ്യുതിയുടെ ആവശ്യകത അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയൊരു സബ് സ്റ്റേഷന്‍ അനിവാര്യമായിരിക്കുകയാണ്. ഭാവിയില്‍ രൂക്ഷമായേക്കുന്ന വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി പുതിയ സബ് സ്റ്റേഷന് വേണ്ടിയുള്ള ആവശ്യമുന്നയിച്ചിട്ടു നാളുകളേറെയായി. പണം അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കാത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.