കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു; കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി പൂക്കാട് കലാലയം
കൊയിലാണ്ടി: വ്യത്യസ്തമായ കാഴ്ചകളായിരുന്നു കഴിഞ്ഞ ആഴ്ച കാപ്പാട് തീരം സാക്ഷ്യം വഹിച്ചത്. കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു, കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി. പൂക്കാട് കലാലയത്തിൽ കളി ആട്ടത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തീയേറ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി യാത്ര ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ പുനരാവിഷ്കരിച്ചത്. ആറു ദിവസങ്ങളിലായി നാനൂറോളം വരുന്ന കുട്ടികൾ കല ,സാഹിത്യം, നാടകം, ഭാഷ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി.
കാപ്പാട് ബീച്ചിൽ നടന്ന സ്മൃതി യാത്രയിൽ സി വി ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. യു കെ രാഘവൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ക്യാമ്പ് ഡയരക്റ്റർ മനോജ്നാരായണനും കോഡിനേറ്റർ എ അബൂബക്കറും ദൃശ്യാവിഷ്ക്കാരത്തിന് നേതൃത്വം നൽകി. സ്വാതന്ത്ര്യത്തിന്റെ വഴിയും വിലയും പുതു തലമുറയെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമം ക്രിയാത്മകമായി നടപ്പിലാക്കാനാണ് നാടകം എന്ന ചിന്തയിലേക്ക് നയിച്ചത്.
ദേശവും, ഭാഷയും, വേഷവും, ഭക്ഷണവും മതവും ആചാരവും വംശവും ഭിന്നിപ്പിക്കലിന്റെ ഉപകരണമാക്കുന്ന വർത്തമാനകാലത്ത്, ഭിന്നത നമ്മുടെ പൂർവികർ ജീവത്യാഗം ചെയ്ത് നേടിയ സ്വാതന്ത്ര്യം കവർന്നെടുക്കുമെന്ന കാര്യം ബാല മനസുകളിൽ ഉയർത്തുകയായിരുന്നു പൂക്കാട് കലാലയം കളി ആട്ടം. അറിവ് സമ്പാദിക്കുന്നതിനോടൊപ്പം ഏറെ നാളുകൾക്കു ശേഷം കുട്ടികൾക്ക് സന്തോഷത്തോടെ കൂട്ട് കൂടാനുള്ള വേദിയായും ഇവിടം മാറുകയായിരുന്നു.