ഏട്ടന് മാരത്തോണില്‍ ഒന്നാം സ്ഥാനം; അനിയന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ആദരം: ചേമഞ്ചേരി പുല്യേത്ത് തറവാട്ടിന് ഇത് ഇരട്ടിമധുരം
കൊയിലാണ്ടി: ചേമഞ്ചേരി താഴെ പുല്യേത്ത് തറവാട്ടില്‍ ഇരട്ടി മധുരമാണ്. ഏട്ടനും അനുജനും വ്യത്യസ്ത മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്തതിന്റെ സന്തോഷത്തിലാണ് പുല്യേത്ത് തറവാട്. ഏട്ടന്‍ ഗോകുല്‍ ടി.പി കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാരത്തോണില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അനുജന്‍ വിഷ്ണു.ടി.പി കോവിഡ് കാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ആദരിക്കപ്പെട്ടിരിക്കുകയാണ്.
ഗോകുല്‍ ടി.പി
ഒരേദിവസും ഈ നേട്ടങ്ങള്‍ തങ്ങള്‍ക്ക് വന്നുചേര്‍ന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗോകുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സിവില്‍ പോലീസ് ഓഫീസറാണ് ഗോകുല്‍. കോഴിക്കോട് ബീച്ച് റോഡില്‍ 10 കിലോമീറ്റര്‍ ഇനത്തില്ലായിരുന്നു വിജയം. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അശോക് യാദവില്‍ നിന്നും ഗോകുല്‍ ട്രോഫി ഏറ്റുവാങ്ങി.
ഗോകുല്‍ ഒാട്ടമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും മാരത്തോണില്‍ പങ്കെടുത്ത് വിജയം കൈവരിക്കുന്നത് ഈ അടുത്തകാലം മുതല്‍ക്കാണ്. അടുത്തിടെ ഊട്ടിയില്‍ വെച്ച് നടന്ന മാരത്തോണിലും സമ്മാനം നേടിയിരുന്നു.
വിഷ്ണു
കൊറോണ കാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോഴിക്കോടാണ് വിഷ്ണുവിനെ ആദരിച്ചത്. ചടങ്ങില്‍ മേയര്‍ വിഷ്ണുവിന് ഉപഹാരം നല്‍കി. സന്നദ്ധ സേവന രംഗത്താണ് വിഷ്ണു മികവ് തെളിയിച്ചത്. പ്രദേശത്ത് ആര്‍ക്കും എപ്പോഴും എന്ത് സഹായത്തിനുമായി സമീപിക്കാവുന്ന വ്യക്തിത്വമാണ് വിഷ്ണുവിന്റേതെന്നും ഗോകുല്‍ പറയുന്നു. കൊറോണ കാലഘട്ടത്തിലെ സേവനത്തിനു കൊയിലാണ്ടി ഏരിയയില്‍ നിന്നും 30 ഓളം പേര്‍ അനുമോദനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആര്‍.ആര്‍.ടി വളണ്ടിയര്‍ ആയിരുന്ന വിഷ്ണു കോവിഡ് സേവനരംഗത്ത് സജീവമായിരുന്നു. നിലവില്‍ പി.എസ്.സി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് വിഷ്ണു.
താഴെ പുല്ല്യേത്ത് രാമകൃഷ്ണന്‍, വത്സല ദമ്പതികളുടെ മക്കളാണ് ഇരുവരും.