കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി കഴുത്തില്‍ ആഴത്തിലുള്ള പാട്, ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയക്കും; റിഫ മെഹ്നുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം. റിഫയുടെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയക്കും. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറി. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം പൊലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു.
അതേസമയം റിഫയും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദുബായില്‍ വച്ച് ഇരുവരും വഴക്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്. മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞുകൊണ്ട് കടയിലേക്ക് കയറുന്നത് ദൃശ്യത്തില്‍ കാണാം.
മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ളാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.
പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തു.
[bot1]
താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള സംഘം മെഹ്നാസിന്റെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്തു. നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റ അടിസ്ഥാനത്തിലാവും മെഹ്നാസിനെയുള്‍പ്പെടെ ചോദ്യം ചെയ്യുക.