വീണ്ടും അംഗീകാരത്തിന്റെ നിറവില്‍ ഷാജി പൊയില്‍ക്കാവ്: ലിയനാര്‍ഡോ ഡാവിഞ്ചി ബെസ്റ്റ് എച്ചീവ്‌മെന്റ് പുരസ്‌കാരം നേടി ഷാജിയുടെ ‘അലൗകികം’
കൊയിലാണ്ടി: പൊയില്‍ക്കാവ് സ്വദേശിയായ ശില്പി ഷാജി പൊയില്‍ക്കാവിന് ലിയനാര്‍ഡോ ഡാവിഞ്ചി ബെസ്റ്റ് എച്ചീവ്‌മെന്റ് പുരസ്‌കാരം. ‘അലൗകികം’ എന്ന സിമന്റ് റിലിഫ് ശില്‍പങ്ങള്‍ക്കാണ് പുരസ്‌കാരം. വിദ്യാഭാരതി കലാകേന്ദ്ര ബംഗാള്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ശില്‍പ്പ-ചിത്രരചനാ പ്രദര്‍ശന മത്സരത്തിലാണ് ഷാജിയുടെ ശില്പങ്ങള്‍ പുരസ്‌കാരം നേടിയത്.
30 വര്‍ഷമായി ചിത്ര, ശില്‍പ കലാരംഗത്തുള്ള ഷാജി ഇതിനകം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ശില്‍പങ്ങളും ചിത്രങ്ങളും ചെയ്ത് ശ്രദ്ധേയനാണ് ഷാജി. 54 ക്ഷേത്രങ്ങളില്‍ ഭക്തരെ വിസ്മയിപ്പിക്കുന്ന ശില്പങ്ങളിലൊരുക്കി. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഷാജിയുടെ ശില്പങ്ങള്‍ കൊയിലാണ്ടി സ്വദേശികള്‍ക്ക് ഏറെ പരിചിതമാണ്. കണ്ണൂര്‍ ഇരിട്ടിയിലെ മുണ്ടയാം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറയിലെ മനോഹരമായ ശില്പവും ഷാജിയുടെ കരവിരുതില്‍ തീര്‍ത്തതാണ്. ക്ഷേത്രങ്ങള്‍ക്ക് പുറമേ നിരവധി റിസോര്‍ട്ടുകളെയും ഷാജി ശില്‍പങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പമായ കൊല്ലത്തെ ജടായു ശില്പമൊരുക്കാന്‍ രാജീവ് അഞ്ചലിന്റെ അസിസ്റ്റന്റായും ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഒയ്‌സാലാ ശില്‍പ്പികളുടെ രീതിയാണ് ഷാജി മാതൃകയാക്കിയത്. ശില്പനിര്‍മ്മാണത്തിനുള്ള സിമന്റ് കൂട്ട് ഷാജി സ്വന്തമായി രൂപപ്പെടുത്തുന്നതാണ്.
പ്രീഡിഗ്രി പഠനത്തിനുശേഷം മ്യൂറല്‍ ആര്‍ട്ട് പഠിച്ചാണ് ഷാജി കലാരംഗത്തേക്ക് എത്തിയത്. കുട്ടിക്കാലം മുതല്‍ ചിത്രരചനയിലും മികവ് തെളിയിച്ചിരുന്നു. ആദ്യകാലത്ത് പരസ്യകലാരംഗത്തായിരുന്നു പ്രവര്‍ത്തിച്ചത്. ഉള്ള്യേരിയിലെ നിള പരസ്യകലയില്‍ ഏറെക്കാലം ജീവനക്കാരനായിരുന്നു. പിന്നീടാണ് ശില്പകലാരംഗത്ത് ഏറെ സജീവമായത്.
കോവിഡ് കാലത്ത് ഉത്തര്‍പ്രദേശിലെ സ്വദേശ് സന്‍സ്ഥാന്‍ ഇന്ത്യയുടെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി ശില്‍പ്പി കൂടിയാണ് ഷാജി. വേള്‍ഡ് ആര്‍ട്ട് ഓര്‍ഗനൈസേഷന്‍ ദേശീയതലത്തില്‍ നടത്തിയ രണ്ട് മത്സരങ്ങളില്‍ ഏറ്റവും നല്ല ശില്‍പിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മൊത്തത്തില്‍ ദേശീയതലത്തില്‍ ഏഴ് പുരസ്‌കാരങ്ങളും മൂന്ന് ഇന്റര്‍നാഷണല്‍ പുരസ്‌കാരവും ഷാജിയെ തേടിയെത്തിയിട്ടുണ്ട്.
[bot1]