ചാവക്കാട്ട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു


തൃശൂർ: ചാവക്കാട്ട് കായലില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. സൂര്യ(16) , വരുൺ (16) മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കലിൽ കായലിലെ ചെളിയിൽ താഴ്ന്നാണ് അപകടം ഉണ്ടായത്. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.

സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേ‌‌ർ ചെളിയിൽപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചെളിയിൽ താഴ്ന്ന മൂന്ന് വിദ്യാർത്ഥികളെയും പുറത്തെത്തിച്ചു. ഉടന്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് കോട്ടയത്തും സമാനമായ അപകടം ഉണ്ടായി. മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍, അമല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം. ഇതില്‍ രണ്ട് പേര്‍ കാല്‍വഴുതി ഒഴുക്കിൽപെടുകയായിരുന്നു.

[bot1]