പയ്യോളിയില്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാംനില പൊളിച്ചില്ല; ആദ്യരണ്ട് നിലകള്‍ പൊളിച്ച് കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ തടിയൂരി കരാറുകാരന്‍


പയ്യോളി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ മൂന്നുനിലകളുള്ള കെട്ടിടം അശാസ്ത്രീയമായി പൊളിച്ചത് അപകടഭീഷണിയാവുന്നു. മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നില ഒഴിവാക്കി പണി തുടങ്ങിയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.

കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ സ്ഥലംവിട്ടിരിക്കുകയാണ് കരാറുകാരന്‍. പയ്യോളി ടൗണിന്റെ വടക്കുഭാഗത്തെ പഴയ കെ.ഡി.സി ബാങ്ക് നിലനിന്നിരുന്ന കെട്ടിട സമുച്ചയമാണ് പാതിവഴിയില്‍ പൊളിച്ചനിലയില്‍ കാണപ്പെട്ടത്.

[ad-attitude]

നിലവില്‍ ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയില്‍ തൂങ്ങിനില്‍ക്കുന്ന കെട്ടിടം അപകടാവസ്ഥയിലായിട്ട് ഒരാഴ്ചയോളമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലി കരാറുകാരായ വാഗഡ് ഇന്‍ഫ്രാ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നാട്ടിലെ പ്രാദേശിക ഏജന്റുമാരെയാണ് ഏല്‍പിക്കുക. ഇത്തരത്തില്‍ ഏറ്റെടുത്ത കോഴിക്കോട് സ്വദേശിയാണ് മൂന്നുനില കെട്ടിടം പൊളിക്കല്‍ അശാസ്ത്രീയമാക്കിയത്.

[ad1]

കെട്ടിടത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്യുന്ന നാട്ടുകാരും യാത്രക്കാരും ഇതോടെ ഏറെ ഭീതിയിലാണ് ഇതുവഴി പോകുന്നത്. നിലവില്‍ വടകര സ്വദേശിയായ ഏജന്ററ് സുരക്ഷിതമായി കെട്ടിടം ഉടനെ പൊളിച്ചുനീക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന രീതി തികച്ചും അശാസ്ത്രീയമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

[ad2]