ഡി.വൈ.എഫ്.ഐ നേതാവിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലംമാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്.

അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു ചെയ്തത്. എസ്.ഐ ജിതേഷിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ വിജീഷിന്റെ വീട് വളഞ്ഞ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഫെബ്രുവരി 17ന് ചെങ്ങോട്ടുകാവില്‍ വെച്ചായിരുന്നു ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഈ സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തിയിരുന്നു. യോഗത്തില്‍ എസ്.ഐ ജിതേഷിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡി.വൈ.എഫ്.ഐ ഉന്നയിച്ചത്. എഫ്.ഐ.ആര്‍ പ്രകാരം എന്‍.വിജീഷ് പ്രതിയല്ലെന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിപ്പട്ടികയില്‍പ്പെടുത്തിയതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

വിജീഷിന് പുറമേ മേഖലാ കമ്മിറ്റി അംഗങ്ങളായ അജ്മല്‍, സായൂജ് എന്നിവരും അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുകയും ജാമ്യം ലഭിച്ചതിന് പിന്നാലെ കൊയിലാണ്ടി ടൗണില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സ്വീകരണവും ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.