സുനാമിയെ എങ്ങനെ നേരിടാം? കാപ്പാട് ബീച്ചില്‍ നാളെ മോക്ക് ഡ്രില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ചേമഞ്ചേരി: സുനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സുനാമി മോക്ക് ഡ്രില്ലിന് മുന്നോടിയായി ടേബിള്‍ ടോപ് എക്‌സസൈസ് നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി.ഇ, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി, കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ.എസ്.വാര്യര്‍, ജൂനിയര്‍ സൂപ്രണ്ട് ദുരന്ത നിവാരണ അതോറിറ്റി അനില്‍കുമാര്‍ കിലയുടെ പ്രതിനിധി ശീതള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഫെബ്രുവരി 28ന് രാവിലെ 11.00 മണിയ്ക്ക് പതിനേഴാം വാര്‍ഡിലെ വലിയാണ്ടിയില്‍ വെച്ചാണ് മോക് ഡ്രില്‍.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ. ശ്രീലാല്‍ ചന്ദ്രശേഖരന്‍, കോഴിക്കോട് സിറ്റി ഡി.വൈ.എസ്.പിബോസ്, കോസ്റ്റല്‍ പോലീസ് സനൂജ്, ദീപു എസ്, ആര്‍.ടി.ഒ അനൂപ് ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ മുരളീധരന്‍.സി.കെ, ഡി.എം.ഒ ഡോ.ലതിക തുടങ്ങി അഞ്ചോളം വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മോക്ക് ഡ്രില്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം മോക്ക് ഡ്രില്‍ സൈറ്റ്, അസംബ്ലി പോയിന്റ്, ഷെല്‍ട്ടര്‍ ക്യാമ്പ് എന്നിവ സന്ദര്‍ശിച്ചു.

Summary: tsunami Mock drill tomorrow at Kappad beach