പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: കൽപ്പത്തൂർ വായനശാലക്ക്സമീപം നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ കടിയങ്ങാട് ടർഫിൽ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു.
പേരാമ്പ്ര ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന കാറാണ് വായനശാല കോളോപാറക്ക് സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരെ പത്ത് മീറ്ററോളം ദൂരെ ഇടിച്ച് തെറിപ്പിച്ച നിലയിലായിരുന്നു കണ്ടത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കാറിടിച്ച് കെ.എസ്.ഇ.ബി എച്ച്.ഡി ലൈനും വീടിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.