രഞ്ജി ട്രോഫി; ചരിത്രത്തില്‍ ആദ്യമായി കേരളം ഫെനലില്‍
അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം ഫെനലില്‍. ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സിലെ രണ്ട് രണ്‍സ് ലീഡിന്റെ ബലത്തില്‍ കലാശകളിക്ക് ടിക്കറ്റെടുക്കുകയായിരുന്നു. മുംബൈയെ 80 റണ്‍സിന് തോല്‍പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന ഫെനലില്‍ കേരളത്തിന്റെ എതിരാളികള്‍.
രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. സമനിലയിലാകുമ്പോള്‍ ജലജ് സക്‌സേനയും (37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) ക്രീസില്‍. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455
ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 30 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കം നല്‍കി. 12-ാം ഓവറില്‍ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
പിന്നാലെ വരുണ്‍ നായനാരെ(1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം ബാക്ഫുട്ടിലായി. എന്നാല്‍ ജലജ് സക്‌സേനയും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു.
സച്ചിന്‍ ബേബിയും(10) വേഗത്തില്‍ മടങ്ങിയതോടെ ടീം പ്രതിസന്ധി നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സെക്‌സെന-അഹമ്മദ് ഇമ്രാന്‍ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി.