ദേശീയപാത ഡി.എൽ.പി കാലാവധി 5 വർഷം; റോഡിന്റെ പരിപാലനവും കരാറുകാരുടെ ഉത്തരവാദിത്വമാക്കി കേന്ദ്രസർക്കാർ തീരുമാനം, കേരളത്തിലെ കരാറുകാർക്കും ബാധകം


ദില്ലി: ദേശീയപാത നിർമാണത്തിൽ റോഡിന്റെ പരിപാലനവും കരാറുകാരുടെ ഉത്തരവാദിത്വമാക്കി മാറ്റി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച നിർദേശം ദേശീയ പാത റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ നിർദ്ദേശപ്രകാരം ഡി.എൽ.പി (പേരായ്മയും പരിപാലനവും നോക്കേണ്ട ബാധ്യത) കാലാവധി കഴിയും മുമ്പാണ് തുടർച്ചയായ വിലയിരുത്തലുകൾ ഉണ്ടാവുക.

രാജ്യവ്യാപകമായി പണി നടത്തിയതും തുടരുന്നതുമായ എല്ലാ കരാറുകാരുടേയും പ്രവർത്തനങ്ങൾ അവ പൂർത്തിയാക്കപ്പെട്ട ശേഷം ആറു മാസം കൂടുമ്പോൾ വീതം ഓഡിറ്റ് ചെയ്യും. നിർമാണം പൂർത്തിയായി നാല് മുതൽ അഞ്ച് വർഷം വരെ റോഡിന്റെ പരിപാലനവും കരാറുകാരുടെ ബാധ്യതയാകുന്ന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയത്. ഓരോ സ്ട്രെച്ചുകളിലും ബന്ധപ്പെട്ട കരാറുകാർ അറ്റകുറ്റപ്പണികളുടെ പ്രശ്നങ്ങൾ അതിവേഗം തീർക്കണമെന്നതാണ് വ്യവസ്ഥ.

രാജ്യത്തുടനീളം ലോകോത്തര നിലവാരമുള്ള ഹൈവേകൾ നിർമ്മിക്കാനാണ് മന്ത്രാലയത്തിന് പ്രധാനമന്ത്രി നൽകിയിട്ടുള്ള നിർദേശം. പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പാതകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പാത നിർമ്മാണം പൂർത്തിയായാൽ നാല് വർഷം മുതൽ അഞ്ച് വർഷം വരെയാണ്‌ ഡി.എൽ.പി. കാലാവധി.

കരാറുകാരുടെ മുൻഗണനകളിൽ അറ്റകുറ്റപ്പണികളുടെ പ്രാധാന്യം കുറവായിരുന്നു. നിർബന്ധിത അറ്റകുറ്റപ്പണി വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽപ്പോലും, ഹൈവേ നിർമ്മാണശേഷമുള്ള പരാതി പരിഹരണ കാര്യങ്ങളിൽ കരാറുകാർ വലിയ ശ്രദ്ധ ചെലുത്താറില്ല. നിലവിലെ വ്യവസ്ഥകൾ പ്രകാരം ഒരു പ്രോജക്റ്റ് നിർമ്മിക്കുന്ന നിർമ്മാണ കമ്പനി അറ്റകുറ്റപ്പണികളുടേയും ഘടനകളിലെ പോരായ്മകളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കണം. ദേശീയ പത്രകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണത്തിലോ തുടർ ഉപയോഗത്തിലേ ഉണ്ടാകുന്ന വിവിധപോരായ്മകളും അറ്റകുറ്റപണികളുംതീർത്താൽ മാത്രമേ കരാറുകാർക്ക് കുടിശ്ശിക ലഭിക്കുകയും പണി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് നൽകുകയുമുള്ളൂ.

സംസ്ഥാനത്ത് വിവിധ റീച്ചുകളിലായി പണി പൂർത്തിയായി വരുന്ന കരാറുകാരും കേന്ദ്ര നിർദേശപ്രകാരമുള്ള കർശന വ്യവസ്ഥകൾ പാലിക്കേണ്ടിവരും. പണികൾ പൂർത്തിയാക്കുന്നതിനൊപ്പം വരുന്ന അറ്റകുറ്റപ്പണി സംബന്ധിച്ചപുതിയ പ്രശ്‌നങ്ങളും പരിശോധിക്കുമെന്നും ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരളാ റീജണൽ ഓഫീസർ ബിഎൽ.. മീണ പറഞ്ഞു.

Description: The central government has decided to make the maintenance of the road the responsibility of the contractors