‘കേരളത്തില്‍ 8 വയസിനും 14 വയസിനും ഇടയിലുള്ള 70 ശതമാനം കുട്ടികളും ലഹരിയുടെ രുചി അറിഞ്ഞവരെന്ന് ഋഷിരാജ് സിങ്; കീഴരിയൂര്‍ ഫെസ്റ്റ് വേദിയിലേക്ക് ഇന്നലെയെത്തിയത് ജനസാഗരം


കീഴരിയൂര്‍: ലഹരി വസ്തക്കള്‍ക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്തെന്നും കേരളത്തില്‍ എട്ട് വയസിനും 14 വയസിനും ഇടയിലുള്ള 70 ശതമാനം കുട്ടികളും ഇതിന്റെ രുചി അറിഞ്ഞു കഴിഞ്ഞെന്നും മുന്‍ എക്‌സൈസ് കമീഷണര്‍ മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ് പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ സാംസ്‌കാരിക ഉത്സവം കീഴരിയൂര്‍ ഫെസ്റ്റില്‍ വിമുക്തി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ലഹരി വസ്തുക്കള്‍ക്കെതിരെ ഒരു നിയമമുണ്ടാക്കിയിട്ടുണ്ടെങ്കിലും പലര്‍ക്കും അതറിയില്ല. കഴിഞ്ഞ പത്തു മാസമായി ഞാന്‍ ശ്രദ്ധിച്ചുവരുന്നു, മക്കള്‍ അഛനമ്മമാരെ കൊല്ലുന്നു. കുട്ടികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നു. ഇത് രക്ഷിതാക്കളുടെ കഴിവുകേടുകൊണ്ടാണ്. മക്കളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വം അവര്‍ മറക്കുന്നു. അമ്മമാര്‍ നിസഹായരായി ഇരുന്നാല്‍ അവസാനം ബലി ആകുക അമ്മ തന്നെ ആയിരിക്കുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ പുഷ്പദാസ് കുനിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല, സ്ഥിരം സമിതി അധ്യക്ഷ നിഷ വല്ലിപ്പടിക്കല്‍, പഞ്ചായത്തംഗങ്ങളായ കെ.ജലജ, കെ.സി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് മാജിക്കും ഷാഡോ ഗ്രാഫിയും ചേര്‍ന്ന മാജിക്കല്‍ മോട്ടിവേഷന്‍ ഡോ. ഷെറിന്‍.വി. ജോര്‍ജ് അവതരിപ്പിച്ചു.
രാത്രി 7 ന്‌സ്‌കൂള്‍ ഫെസ്റ്റ് നടന്നു. തുടര്‍ന്ന് കെ. എല്‍ എക്‌സ്പ്രസ് മ്യൂസിക്കല്‍ ബാന്റ് നടന്നു.