ഓടുന്ന ട്രെയിനില്‍ നിന്നും മൂരാട് പുഴയിലേക്ക് വീണ് യുവാവ്; അപകടത്തില്‍പ്പെട്ടത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുംവഴി
പയ്യോളി: ഓടുന്ന ട്രെയിനില്‍ നിന്നും യുവാവ് മൂരാട് പുഴയിലേക്ക് വീണു. കാസര്‍ഗോഡ് മേല്‍പ്പറമ്പ് കളനാട് റമ മന്‍സിലില്‍ മുനാഫര്‍ (30) ആണ് വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ്സില്‍ സി വണ്‍ കോച്ചില്‍ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്യവേ ട്രെയിന്‍ മൂരാട് പുഴയ്ക്ക് മുകളിലൂടെ കടന്നുപോകവേയാണ് സംഭവം. മുസാഫറിന് കാര്യമായ പരിക്കുകളൊന്നുമില്ല.
പുഴയില്‍ വീണ മുസാഫിറിനായി നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ നീന്തി കരയ്ക്കെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കുശേഷം യുവാവിപ്പോള്‍ വടകര പൊലീസ് സ്റ്റേഷനിലാണ്.
ഗള്‍ഫില്‍ നിന്നും ഇന്ന് നാട്ടിലെത്തിയതാണ് മുസാഫര്‍. കോഴിക്കോട് നിന്നാണ് ട്രെയിനില്‍ കയറിയത്. ബന്ധുവും കൂടെയുണ്ടായിരുന്നു. മുനാഫര്‍ ക്ഷീണിതനായിരുന്നെന്നും തലകറങ്ങി വീണതാകാമെന്നും ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.