”ഇത് യു.ഡി.എഫിന്റെ കുതന്ത്രം, കാപട്യം നിറഞ്ഞ പ്രചാരവേലകളെ ചേമഞ്ചേരിയിലെ സമൂഹം തള്ളിക്കളയണം” പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സതി കിഴക്കയിലിനെയും താരതമ്യം ചെയ്തുള്ള കാപ്പാട് സ്വദേശിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ പി.ബാബുരാജ്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജിനെ പുകഴ്ത്തിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലെ വിമര്‍ശിച്ചുമുള്ള കാപ്പാട് സ്വദേശിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ പോസ്റ്റിനെതിരെ പി.ബാബുരാജ് രംഗത്ത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനും കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായും നുണപ്രചാരവേലകള്‍ അഴിച്ചുവിടുന്ന യു.ഡി.എഫ് കുതന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് ബാബുരാജ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നത്.

ചേമഞ്ചേരിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരേ മനസോടെയാണ് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പ്രവര്‍ത്തിച്ചു വരുന്നത്. നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം പരസ്പരം കൂടി ആലോചിച്ചും ഇടതുപക്ഷ വികസന കാഴ്ച്ചപ്പാടോടുകൂടിയുമാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കാന്‍ തയ്യാറാകാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. ചേമഞ്ചേരിയിലെ പ്രവാസി കൂട്ടായ്മ യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകയായി പഞ്ചായത്ത് പ്രസിഡന്റ് ക്ഷണിക്കപ്പെട്ട സാഹചര്യമായിരിക്കാം ഇത്തരമൊരു പ്രചരണത്തിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ കാപട്യം നിറഞ്ഞ ഇത്തരം പ്രചാരവേലകളെ ചേമഞ്ചേരിയിലെ പൊതുസമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പി.ബാബുരാജ് ആവശ്യപ്പെട്ടു.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ചേമഞ്ചേരിയിലെ ഇരുപത് വാര്‍ഡുകളില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളോട് ധിക്കാരവും ധാര്‍ഷ്ട്യവും അനീതിയും അധര്‍മ്മവും കാണിച്ചെന്നായിരുന്നു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ”വിവേചനമോ പക്ഷപാതിത്വമോ ധാര്‍ഷ്ട്യമോ അഹങ്കാരമോ മുഖമുദ്രയാക്കിയ പലര്‍ക്കും മാതൃകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്” എന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

”പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ വെറും രണ്ടേ രണ്ടുപേര്‍ മാത്രമാണ്
ഒന്ന് കാപ്പാട് ഡിവിഷനിലെ എം.പി മൊയ്തീന്‍ കോയ സാഹിബും മറ്റൊന്ന് പയ്യോളിയിലെ സുഹറ റസാക്കും എന്നാല്‍ ഭരണസമിതിയില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഒരു വിവേചനവും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്നാണ് ബാബുവേട്ടന്‍ ഇന്ന് കാപ്പാട് നടന്ന ഡ്രൈനേജ് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്
എത്ര മഹത്തമായ വാക്കുകളാണിത്.” എന്നും കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

Summary: P. Baburaj against the Facebook post of Kappad resident comparing Pantalayani Block Panchayat President and Sathi kizhakkayil