കളത്തിലിറങ്ങുന്നത് ജില്ലയിലെ എട്ട് കിടിലന്‍ ടീമുകള്‍ ; എ.കെ.ജി ഫുട്‌ബോള്‍ മേളയില്‍ അണ്ടര്‍ 17 ടൂര്‍ണമെന്റിന് തുടക്കമായി


കൊയിലാണ്ടി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ഭാഗമായി അണ്ടര്‍ 17 ടൂര്‍ണമെന്റിന് തുടക്കമായി. പി.വി.ജയചന്ദ്രന്‍ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രന്‍ സ്മാരക റണ്ണേഴ്‌സ് അപ്പിനും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ ജില്ലയിലെ 17 വയസ്സിന് താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നിന്നും 8 ടീമുകളാണ് പങ്കെടുക്കുന്നത്. ബാലുശേരി എം.എല്‍.എ കെ.എം.സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. എല്‍.ജി.ലിജീഷ്, ടി.വി.ദാമോദരന്‍, പി.കെ.ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ബേസ് കൊയിലാണ്ടി, ഇകെഎഎം ഓമശ്ശേരി, സെവന്‍ സ്‌പോര്‍ട്‌സ് കുന്നമംഗലം, എസ്എകെ കല്ലായി എന്നീ ടീമുകള്‍ വിജയിച്ചു. ജനുവരി 21, 23 തിയ്യതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 25 ന് ഫൈനല്‍ മത്സരവും നടക്കും.

ജനുവരി 12 ന് ആരംഭിച്ച എ.കെ.ജി ഫുട്‌ബോള്‍ മേള ജനുവരി 26നാണ് അവസാനിക്കുന്നത്. ഈ വര്‍ഷം പ്രധാന ടൂര്‍ണമെന്റിന് പുറമെ അണ്ടര്‍ 17 ടൂര്‍ണമെന്റും പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നു. ആകെ 32 ടീമുകളാണ് ഈ വര്‍ഷം മേളയില്‍ പങ്കെടുക്കുന്നത്. ദിവസവും മത്സരങ്ങള്‍ കാണാന്‍ നിരവധി പേരാണ് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തുന്നത്.