തലതിരിഞ്ഞ അടിപ്പാത, വീതികുറഞ്ഞ സര്‍വ്വീസ് റോഡും മെല്ലെപ്പോകുന്ന ഡ്രൈയ്‌നേജ് വര്‍ക്കും; കൊല്ലം-നെല്ല്യാടി റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് അപകടഭീഷണിയാവുന്നു, റോഡ് വീതികൂട്ടാനുള്ള നടപടി എങ്ങുമായില്ല


കൊയിലാണ്ടി: കൊല്ലം- നെല്ല്യാടി- മേപ്പയ്യൂര്‍ റോഡിലെ അണ്ടര്‍പാസിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാവുന്നു. റോഡിന് കുറുകെയായി അണ്ടര്‍പ്പാസ് നിര്‍മ്മിച്ചതും അതുകാരണം റോഡില്‍ നിന്ന് യൂടേണ്‍ എടുത്ത് വാഹനങ്ങള്‍ അടിപ്പാതയിലൂടെ കടന്നുപോകുന്നതുമാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ബൈപ്പാസിന്റെ സര്‍വ്വീസ് റോഡില്‍ ഡ്രൈനേജ് പ്രവൃത്തി കൂടി പുരോഗമിക്കുന്നതിനാല്‍ അടിപ്പാതയിലേക്ക് വളയുന്ന ഭാഗത്ത് നേരത്തെയുണ്ടായിരുന്ന വീതിപോലുമില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

മേപ്പയ്യൂര്‍ ഭാഗത്തേക്കും തിരിച്ചും ഇതുവഴി ബസ് സര്‍വ്വീസുണ്ട്. മേപ്പയ്യൂര്‍ ഭാഗത്തുനിന്നോ ബസോ വലിയ വാഹനങ്ങളോ കടന്നുപോകുമ്പോള്‍ മറുവശത്ത് നിന്ന് മറ്റെതെങ്കിലും വാഹനം വരികയാണെങ്കില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്. സര്‍വ്വീസ് റോഡിലൂടെ വാഹനം വരുന്നതിന്റെ കാഴ്ചയെ മറക്കുംവിധമാണ് അടിപ്പാത പണിതിരിക്കുന്നത്.

മേപ്പയ്യൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അടിപ്പാത കഴിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് കയറുമ്പോള്‍ മാത്രമേ അതുവഴി വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയൂ. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ എതിര്‍ഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ അടിപ്പാതയുടെ അടുത്തെത്തിയാലേ കാണാന്‍ കഴിയൂ, റോഡിന് വീതിയില്ലാത്തതിനാല്‍ ഇതിന് കടന്നുപോകാന്‍ വാഹനങ്ങള്‍ പിറകോട്ട് എടുക്കേണ്ട സ്ഥിതിയാണ്. ഇതെല്ലാം വാഹനാപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.

ഇതിനൊപ്പം ഇപ്പോള്‍ ഡ്രെയ്നേജ് പ്രവൃത്തി കൂടി നടക്കുന്നതിനാല്‍ ദുരിതം ഏറിയിരിക്കുകയാണെന്ന് ഇതുവഴി പോകുന്ന ബസുകളിലെ ജീവനക്കാര്‍ പറയുന്നു. ഒരു ബസ് കടന്നുപോകുമ്പോള്‍ മറുവശത്തുനിന്ന് ഓട്ടോറിക്ഷയോ ലോറിയോ മറ്റോ വന്നാല്‍ പിന്നെ ദുരിതമാണ്. ഭയത്തോടെയാണ് ഓരോ ദിവസവും ഇതുവഴി പോകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഡ്രൈനേജ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയപാതയില്‍ മറ്റ് പലയിടങ്ങളിലെയും ഡ്രെയ്നേജുകള്‍ പണിതിരിക്കുന്നത് പോലെയാണ് ഇവിടെയും പണിയുന്നതെങ്കില്‍ ആ പ്രതീക്ഷയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലഭാഗത്തും ഇതിനകം ഡ്രെയ്നേജ് സ്ലാബുകള്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെയും ആ നിലയില്‍ തന്നെയാണെങ്കില്‍ അപകട സാധ്യത ഏറും.

അടിപ്പാതയിലെ നിര്‍മ്മാണത്തിലെ അപാകതകള്‍ ചര്‍ച്ചയായ വേളയില്‍ കൊല്ലം നെല്ല്യാടി റോഡിന്റെ വികസനത്തിനൊപ്പം അടിപ്പാതയുടെ ഭാഗത്ത് കൂടുതല്‍ ഭൂമിയേറ്റെടുത്ത് റോഡ് വീതി കൂട്ടി പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും അടിപ്പാത തുറന്ന് ഒരുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇതുവഴിയുള്ള യാത്ര ദുരിതത്തില്‍ തന്നെയാണ്. വളവ് നീവര്‍ത്തി റോഡ് വീതികൂട്ടാനായി സ്ഥലമേറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതിനുള്ള നടപടി തുടങ്ങിയിട്ടില്ല. മഴക്കാലമായാല്‍ പിന്നെ റോഡില്‍ വെള്ളവും ചെളിയും കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാകുമ്പോള്‍ ക്വാറിമാലിന്യങ്ങളോ മറ്റോ ഇട്ട് താല്‍ക്കാലിക പരിഹാരമുണ്ടാകും. ഒന്നുരണ്ടാഴ്ച കഴിഞ്ഞാല്‍ സ്ഥിതി പഴയതുപോലെയാകുമെന്നും ഇതുവഴി കടന്നുപോകുന്നവര്‍ പറയുന്നു.

കൊല്ലം നെല്ല്യാടി റോഡിലെ അടിപ്പാതയിലൂടെ വാഹനങ്ങള്‍ക്ക് അപകട ഭീതി കൂടാതെ കടന്നുപോകാനുള്ള സൗകര്യമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ഉണ്ടാവണം. അടിപ്പാത നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം ഇതിനകം ചെറിയ ചെറിയ നിരവധി അപകടങ്ങള്‍ ഈ ഭാഗത്തുണ്ടായിട്ടുണ്ട്. വലിയ അപകടങ്ങള്‍ സംഭവിക്കുന്നവരെ കാത്തിരിക്കേണ്ടെന്നും അപകടങ്ങള്‍ വരാതിരിക്കാനുള്ള നടപടികളാണുണ്ടാവേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

Summary: Traveling on the Kollam-Nelliadi road is dangerous for vehicles