ദേശീയപാത നിര്‍മ്മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു; തിരുവങ്ങൂര്‍ ടൗണില്‍ ഡിസംബര്‍ 16ന് ഉപവാസ സമരം
കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള അശാസ്ത്രീയ വികസനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവങ്ങൂര്‍ ടൗണില്‍ ഉപവാസ സമരം. ബ്ലോക്ക് പഞ്ചായത്ത് എം.പി.മൊയ്തീന്‍കോയയാണ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം.
ദേശീയപാത നിര്‍മ്മാണം സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാണ് നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണ രീതി ഉള്‍നാടുകളിലെ കട്ട് റോഡുകളുടെ നിലവാരം പോലും പുലര്‍ത്തുന്നില്ല. ഇതിനാല്‍ അപകടങ്ങളും ഗതാഗതകുരുക്കുകളും മാസങ്ങളായി തുടരുകയാണ്. ഇതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും നടത്തുന്ന പ്രതിഷേധങ്ങളെ അധികാരികളും ജില്ലാ ഭരണകൂടവും ഗൗരവത്തിലെടുക്കുന്നില്ല. തുഷാരഗിരി – കാപ്പാട് സംസ്ഥാന ഹൈവേ തിരുവങ്ങൂരില്‍ നിന്നാണ് ദേശീയ പാത ക്രോസ് ചെയ്യുന്നത്. എന്നാല്‍ ഈ റോഡിലൂടെയും ദേശീയ പാത വഴിയും കാപ്പാട് എത്തുന്ന യാത്രക്കാര്‍ക്ക് തിരിച്ച് കോഴിക്കോട്ടേക്കും അത്തോളി ഭാഗത്തേക്കും പോകാന്‍ നാല്കിലോമീറ്റര്‍ വടക്കോട്ട് ചുറ്റിത്തിരിഞ്ഞ് വരണം.
തിരുവങ്ങൂരില്‍ നിര്‍മ്മിച്ച അണ്ടര്‍ പാസിന്റെ പ്രയോജനം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ദിവസേന എത്തുന്ന നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും നിഷേധിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും റോഡ് ജംഗ്ഷനുകളിലും മിനി അണ്ടര്‍ പാസുകളും ഫൂട്ട് ഓവറുകളും നിര്‍മ്മിക്കാതെയാണ് ഹൈവേ കോട്ട കെട്ടി അടച്ചിരിക്കുന്നത്. ആരാധനാലയങ്ങള്‍, തൊഴിലിടങ്ങള്‍, സര്‍ക്കാര്‍ മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്തേണ്ടവര്‍ തൊട്ടടുത്തായിട്ടു പോലും കിലോമീറ്ററുകള്‍ വാഹനത്തില്‍ പോകേണ്ട അവസ്ഥയിലെത്തി.
ഹൈവേയിലെ കുരുക്കില്‍ നിന്ന് രക്ഷനേടാനാണ് കാപ്പാട് തീരദേശ റോഡ് കോടികള്‍ മുടക്കി നിര്‍മ്മിച്ചത്. ഈ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. റോഡ് കടലെടുത്ത് തകര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. പഞ്ചായത്ത് റോഡുകള്‍ ജലജീവന്‍ മിഷന്‍ പൈപ്പിടലിനായി വെട്ടിപൊളിച്ചിട്ട് ണ്ട് വര്‍ഷം പിന്നിട്ടു. ഇത് ബാധിച്ചത് ഓട്ടോറിക്ഷ തൊഴിലാളികളേയാണ്. വര്‍ഷങ്ങള്‍ കൊണ്ട് നടിയെടുത്ത ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സാധാരണക്കാരുടെ മുമ്പില്‍ കൊട്ടിയടച്ചിരിക്കുന്നു. ഓട്ടോ, ടാക്സി സ്റ്റാന്റുകള്‍, ബസ്ബേകള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്ത് ഇതെല്ലാം റദ്ദ് ചെയ്തിരിക്കുന്നു. അന്യായങ്ങളും അവഗണനയും ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തിലാണ് സമരമെന്നും എം.പി.മൊയ്തീന്‍കോയ വ്യക്തമാക്കി.
Summary: Highway construction restricts people’s freedom of movement; Fasting strike on December 16 in Thiruvangoor town