അറുപതോളം കുടുംബങ്ങളുടെ ഏക ആശ്രയം; അരിക്കുളത്ത് കിണര്‍ താഴ്ന്നുപോയി


കൊയിലാണ്ടി: അരിക്കുളത്ത് കിണര്‍ താഴ്ന്നുപോയി. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ അറുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ താഴ്ന്നുപോയത്‌.

കാനത്ത് മീത്തൽ ബിജുവിന്റെ വീടിനോട് ചേർന്ന കിണറാണ് ഉഗ്ര ശബ്ദത്തോടെ താഴ്ന്നത്. 9 മീറ്റർ ആഴവും 4- 1/2 മീറ്റർ വീതിയുള്ള കിണറാണിത്‌. കിണറിന് ചുറ്റുമുള്ള തെങ്ങുകളും കവുങ്ങുകളും ഉള്ളിലേക്ക് താഴ്ന്ന് കിടക്കുകയാണ്. കിണറിന് സമീപത്തെ വീടിന്റെ മുറ്റത്തും വിള്ളല്‍ വീണ നിലയിലാണ്. വീട്ടുകാരെ മാറ്റിതാമസിപ്പിച്ചതായും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നം നാളെ ചര്‍ച്ച ചെയ്യുമെന്നും വാര്‍ഡ് മെമ്പര്‍ ഇന്ദിര എ കൊയിലാണ്ടി ന്യൂഡ് ഡോട് കോമിനോട് പറഞ്ഞു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ അമ്മത്, നജീഷ് കുമാർ, ഇന്ദിര എ, ബ്ലോക്ക്‌ മെമ്പർ കെ.അഭിനീഷ്, എ.സി ബാലകൃഷ്ണൻ, വി.എം ഉണ്ണി, താജുദ്ദീൻ പി.വി, അനുഷ സി.രാധ, കുഞ്ഞിക്കണാരൻ എ.എം, സി രാധ, സി.പ്രഭാകരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. എംഎൽഎ ടി.പി രാമകൃഷ്ണൻ, റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ എന്നിവരുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം ചർച്ച ചെയ്യുകയും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്‌. ഫയർഫോഴ്സും പോലീസും സംഭവസ്ഥലം സന്ദർശിച്ചു.

Description: The well went down in koyilandy arikkulam