മൂടാടി ഗ്രാമപഞ്ചായത്ത് കലോത്സവത്തിന് സമാപനം; ബാലകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി വന്മുകം- എളമ്പിലാട് എം.എല്‍.പി സ്‌കൂളും വീരവഞ്ചേരി എല്‍.പി സ്‌കൂളും


ചിങ്ങപുരം: മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്‌കൂള്‍ കലോത്സവം വന്മുകം-എളമ്പിലാട് എം.എല്‍.പി. സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ടോപ്പ് സിംഗര്‍ ബെസ്റ്റ് പെര്‍ഫോമര്‍ ലക്ഷ്യ സിഗീഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എം രജുല അധ്യക്ഷത വഹിച്ചു. ബാലകലോത്സവത്തില്‍ വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളും, വീരവഞ്ചേരി എല്‍.പി. സ്‌കൂളും ഓവറോള്‍ ചാമ്പ്യന്മാരായി. വന്മുകം-കോടിക്കല്‍ എം.യു.പി.സ്‌കൂളും, ജി.എല്‍.പി.സ്‌കൂള്‍ പുറക്കല്‍ പാറക്കാടും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജി.എച്ച്.എസ്.വന്മുഖവും, വീമംഗലം യു.പി.സ്‌കൂളും മൂന്നാം സ്ഥാനം നേടി. അറബിക് സാഹിത്യോത്സവത്തില്‍ ജി.എച്ച്.എസ്.വന്മുഖം, വീരവഞ്ചേരി എല്‍.പി.സ്‌കൂള്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ രണ്ടാം സ്ഥാനവും മുചുകുന്ന് നോര്‍ത്ത് യു.പി.സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഹസീസ് മുഖ്യാതിഥിയായി. കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത സാനുലക്ഷ്മണന് ഉപഹാര സമര്‍പ്പണം നടത്തി. കെ.ജീവാനന്ദന്‍, ടി.കെ. ഭാസ്‌ക്കരന്‍, പി.കെ. തുഷാര, മുഹമ്മദ് റയ്ഹാന്‍, ഒ.സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനവും സമ്മാനദാനവും മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. എം.പി.അഖില, എം.കെ.മോഹനന്‍, എ.വി.ഉസ്‌ന, വി.കെ.രവീന്ദ്രന്‍, വീക്കുറ്റിയില്‍ രവി, പി.കെ.അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.