കെട്ടിപ്പിടിച്ചും ഓർമ്മകൾ പങ്കിട്ടും അവർ വീണ്ടും പഴയ പത്താം ക്ലാസുകാരികളായി; കൊയിലാണ്ടി ഗേള്‍സ് സ്കൂളിലെ 86 ബാച്ചുകാര്‍ സ്കൂള്‍ അങ്കണത്തില്‍ ഒത്തുകൂടി
കൊയിലാണ്ടി: 36 വര്‍ഷം എന്നത് ഒരു ഇടവേളയെ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൊയിലാണ്ടി ഗേള്‍സ് സ്കൂളിലെ 1985-86 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍. ഇത്രയും വര്‍ഷത്തിന് ശേഷം സ്കൂള്‍ അങ്കണത്തില്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ യാതൊരു അപരിചിത്വവും അവരെ ബാധിച്ചില്ല.
പരസ്പരം കെട്ടിപ്പിടിച്ചും പഴയ ഓര്‍മകള്‍ പങ്കിട്ടും പുതിയ വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ അതേ പത്താം ക്ലാസുകാരികളായി. ഗുജറാത്ത്, ദുബൈ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനെത്തിയവര്‍ കണ്ണും മനസും നിറഞ്ഞാണ് മടങ്ങിയത്.
ഡാന്‍സും പാട്ടും കളിയും ചിരിയുമായി ഒന്നുചേര്‍ന്നപ്പോള്‍ സമയം പോയത് അവര്‍ അറിഞ്ഞില്ല. വീണ്ടും കാണാമെന്ന് പറഞ്ഞ് അവര്‍ പിരിയുമ്പോള്‍ ഇനിയും ഒത്തിരി വിശേഷങ്ങളുണ്ടായിരുന്നു ഓരോരുത്തര്‍ക്കും പറഞ്ഞുതീര്‍ക്കാന്‍.
നേരത്തേ പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്കൂളിൽ കഴിഞ്ഞ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ഇതിനൊപ്പം സ്കൂളിന്റെ പേര് പന്തലായനി ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.