കളിക്കുന്നതിനിടയിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു; തൃശ്ശൂരിൽ എട്ടുവയസുകാരി മരിച്ചു
തൃശ്ശൂർ: തിരുവില്വാമലയിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്തു വീട്ടിൽ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
കുട്ടി മൊബൈൽ ഫോണിൽ കളിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോൺ ചാർജ് ചെയ്യുന്നതിന് ഇട്ടിരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
പഴയന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൌമ്യയുടെയും മകളാണ് ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച ഫോറൻസിക് പരിശോധന നടത്തും.