സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എലത്തൂരില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 58000രൂപ പിടിച്ചെടുത്തു
എലത്തൂര്‍: സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. വ്യാഴാഴ്ച എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ കൂടുതല്‍ സ്‌ക്വാഡുകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനക്ക് ഇറങ്ങും.
മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു.