മാനത്ത് ഒരായിരം വര്‍ണവിസ്മയം തീര്‍ക്കുന്ന പൂരക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വെടിക്കെട്ടിനൊരുങ്ങി മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്രം


Advertisement

വടകര: വടകരയുടെ പൂരക്കാല കാഴ്ചകളില്‍ മാറ്റിനിര്‍ത്താനാകാത്തതും ഏറെ പ്രാധാന്യമേറിയതുമാണ്  അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം. ഉത്തര കേരളത്തിലെ തന്നെ വിഖ്യാതമായ പൂരങ്ങളിൽ ഒന്നാണിത്. മീന മാസത്തിലെ രോഹിണി നാളില്‍ കൊടിയേറുന്ന പൂരം ഈ മാര്‍ച്ച് ഇരുപത്തേഴിന് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ മൂന്നോടെ അറയ്ക്കല്‍ പൂരപകിട്ടിന് കൊടിയിറങ്ങും.

ഏകദേശം അഞ്ഞൂറ് വർഷത്തിനടുത്ത് കാലപഴക്കമുള്ള അറക്കൽ ക്ഷേത്രത്തിലെ ഉത്സാവാന്തരീക്ഷം ജാതിമത വേര്‍തിരിവുകളെ വെല്ലുവിളിക്കുന്നതും പരസ്പര സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് അറക്കല്‍ ക്ഷേത്രത്തിന്റെ മൂല സ്ഥാനം. ദേവിമാർ മടപ്പള്ളിയിൽ ഇരുന്നും,നീലേശ്വരത്ത് നടന്നും വാഴുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. മടപ്പള്ളിയിൽ പൂരമായ് ആഘോഷിക്കുന്ന ഉത്സവം നീലേശ്വരത്ത് ഏളത്ത് എന്നപേരിലുള്ള ദേവിമാരുടെ എഴുന്നള്ളിപ്പാണ്.

Advertisement

ഉത്സവനാളുകളിലെ ആചാരാഘോഷങ്ങളുടെ വൈവിധ്യങ്ങള്‍ കാണാനും അവയുടെ ഭാഗമാകാനും നിരവധി ഭക്തരും ഉത്സവപ്രേമികളുമാണ് അറക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. അമ്മ, മകൾ ഭാവങ്ങളിലുള്ള ദേവീപ്രതിഷ്ഠകളാണ് ഇവിടെ പ്രധാനമെങ്കിലും തളിയിലപ്പൻ, ദൈവത്താർ, പോതി ഭഗവതി, ഗുരു, കുട്ടിച്ചാത്തൻ, ഗുളികൻ, ചിത്രകുടം, വിഷ്ണുമൂർത്തി, ക്ഷേത്രപാലൻ എന്നീ സങ്കല്‍പ്പങ്ങളും ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്.

വര്‍ണ്ണാഭമായ വെടിക്കെട്ടും, നാഗാരാധനയും, ഇളനീരാട്ടവും, പൂക്കലശം വരവ്, ഭണ്ഡാരം വരവ്, ബാലികമാരുടെ താലം വരവ് തുടങ്ങിയവയാണ് അറക്കല്‍ ഉത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളും ആഘോഷങ്ങളും.

Advertisement

ഈ വര്‍ഷത്തെ ഉത്സവത്തില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ചും തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനോടടുപ്പിച്ചുമായാണ് വെടിക്കെട്ട് നടക്കുക. പല വര്‍ണങ്ങളില്‍ ചിതറിത്തെറിക്കുന്ന വെടിക്കെട്ടിന്റെ ഭംഗി ആസ്വദിക്കാന്‍ ദൂരെ നാടുകളില്‍ നിന്നുപോലും ഇവിടേക്ക് ആളുകള്‍ ഒഴുകിയെത്താറുണ്ട്.

അറക്കലെ പ്രധാന ആചാരമായ നാഗാരാധനയില്‍ നാല്‍പത്തിയൊന്ന് ദിവസത്തെ പ്രത്യേകവ്രതമെടുത്തെത്തുന്ന ഭക്തരാണ് പങ്കെടുക്കുന്നത്. പാലും നൂറും ഒക്കെ സര്‍പ്പത്തിന് നിവേദിക്കുന്നതോടൊപ്പം പ്രതിഷ്ഠയില്‍ ക്ഷേത്രതീര്‍ഥവും ചടങ്ങ് തീരുന്നത് വരെ ഇടമുറിയാതെ ഒഴിച്ചുകൊണ്ടിരിക്കും.

Advertisement

പലവര്‍ണത്തിലുള്ള പൂക്കള്‍കൊണ്ട് അലങ്കരിച്ച കലശം വരവ് ഉത്സവത്തിലെ ജനപ്രിയ കാഴ്ചകളില്‍ ഒന്നാണ്. കടല്‍ക്കുളിയാണ് മറ്റൊരു സവിശേഷ ചടങ്ങ്. ഉത്സവത്തിന്റെ കൊടിയിറക്കത്തിന് തൊട്ടുമുന്‍പ് നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകള്‍ കടപ്പുറത്ത് വന്ന് കൂടും. ക്ഷേത്രത്തിലെ വെളിച്ചപ്പാടും വിഷ്ണുമീര്‍ത്തി തെയ്യവും കടലിലേക്കിറങ്ങി കുളിക്കുന്ന ചടങ്ങാണിത്. കുളിക്കാനായി കടലിലേക്കിറങ്ങിപോവുന്ന വെളിച്ചപ്പാടിനെയും വിഷ്ണുമൂര്‍ത്തിയേയും കടലില്‍ നിന്ന് പിടിച്ച് കയറ്റി കരയിലേക്കെത്തിക്കുന്ന ഈ ചടങ്ങ് ദേവി കടലിലേക്ക് പോവുന്ന എന്ന സങ്കല്‍പ്പത്തെ ഓര്‍മിപ്പിക്കുന്നതാണ്.

തലയെടുപ്പുള്ള ഗജവീരമ്മാരുടെ അകമ്പടിയോടെയുള്ള വാദ്യമെളങ്ങളും, കലശം വരവും. ആറാട്ടുമെല്ലാം മറ്റേത് പൂരങ്ങളില്‍ നിന്നും അറക്കല്‍ പൂരത്തെ വേറിട്ട് നിര്‍ത്തുന്നതും ജനപ്രിയമാക്കുന്നതുമാണ്.