ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നും തട്ടിയെടുത്തത് 52 ലക്ഷത്തോളം രൂപ; തന്ത്രപരമായി യുവാവിനെ പിടികൂടി ചേവായൂർ പോലീസ്
കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷ് (25) ആണ് അറസ്റ്റിലായത്. മുണ്ടിക്കൽ താഴം സ്വദേശിനിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതിയെ ചേവായൂർ പൊലീസ് പിടികൂടിയത്.
2024 ഏപ്രിൽ, മേയ് മാസങ്ങളിലായി 51,48,100 രൂപയാണ് പ്രതി തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. തട്ടിപ്പിന് പിന്നാലെ തുക സംസ്ഥാനത്തിന് പുറത്തുള്ള ഒൻപത് അക്കൗണ്ടുകളിലേക്ക് മാറ്റി. അതിൽ ഒരു അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തത് കാസർകോട് സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു.
ഒമ്പത് ലക്ഷത്തോളം രൂപയാണ് കാസർകോട് ടൗണിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽനിന്നും പ്രതി പിൻവലിച്ചത്. അന്വേഷണത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ വിദ്യാനഗർലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ചേവായൂർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: 52 lakh rupees were stolen from the woman under the guise of online trading