ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്‌സൈസിന്റെ മദ്യവേട്ട

വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്.

ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.

അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. മദ്യം പിടിച്ചെടുത്തെങ്കിലും ഉടമ ആരെന്ന് കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞില്ല.

പിടികൂടിയ 51 മദ്യക്കുപ്പികള്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ടത് സംബന്ധിച്ച് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജു ഇ.ടി, പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സി.ഇ.ഒമാരായ അശ്വിന്‍, അനൂപ് മയങ്ങിയില്‍, സവിഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.